മുണ്ടക്കയം: എന്തിന് അപകടത്തിനായി കാത്തിരിക്കണം? ഒരു അശ്രദ്ധ മതി വാഹനങ്ങൾ ആറ്റിലേക്ക് പതിക്കാൻ. പ്രളയത്തിൽ തകർന്ന കൂട്ടിക്കൽ ചപ്പാത്ത് പാലത്തിന്റെ കൈവരികൾ പുനഃസ്ഥാപിക്കാത്തത് വലിയ ഭീഷണിയായി മാറുകയാണ്. കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിലൂടെ ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. പ്രളയത്തിൽ പാലത്തിന്റെ കൈവരികൾ തകർന്നതോടെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ മുളംകമ്പുകൾ വച്ചുകെട്ടി താത്കാലിക കൈവരികൾ ഒരുക്കുകയായിരുന്നു. എന്നാൽ കാലപ്പഴക്കത്തിൽ ഇതും ദ്രവിച്ചതോടെ ഇപ്പോൾ പാലത്തിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതായി മാറി. മുളംകമ്പിൽ തീർത്ത താത്കാലിക കൈവരികൾ ഏതാണ്ട് പൂർണമായും ദ്രവിച്ച അവസ്ഥയിലാണ്. പ്രായമായവരും, കുട്ടികളും ഇതുവഴി കടന്നുപോകുമ്പോൾ കൈവരികളെ ആശ്രയിച്ചാൽ ഇത് കൂടുതൽ അപകടങ്ങൾക്ക് വഴിവെയ്ക്കും. കൂടാതെ ചപ്പാത്ത് പാലത്തിൽ മുമ്പുണ്ടായിരുന്ന കൈവരികൾ സ്ഥാപിച്ചിരുന്ന തൂണുകൾ തകർന്ന് കോൺക്രീറ്റ് കമ്പികൾ പാലത്തിലേക്ക് നീണ്ടുനിൽക്കുന്നതും ഭീഷണിയാണ്.
ബലക്ഷയം?
നിരവധി പ്രളയങ്ങളെ അതിജീവിച്ച, വർഷങ്ങൾ പഴക്കമുള്ള കൂട്ടിക്കൽ ചപ്പാത്ത് പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടോയെന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്. പാലത്തിന്റെ കൈവരികൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.