
കോട്ടയം. ജില്ലയിലെ ലഹരി ഉപയോഗവും വിൽപ്പനയും തടയാൻ എക്സൈസ് ഉണർന്നു പ്രവർത്തിക്കുമെന്നും ലഹരി കടത്ത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും എക്സൈസ് വ്യക്തമാക്കി. കാരിയർമാർക്കു പിന്നിൽ പ്രവർത്തിക്കുന്ന വമ്പൻമാരെ പൂട്ടാൻ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എം.എൻ.ശിവപ്രസാദിന്റെ നേതൃത്വത്തിൽ വരും ദിനങ്ങളിൽ ശക്തമായ പരിശോധന നടത്താനാണ് നീക്കം.
ജില്ലയിലും മാരക ലഹരി ഉപയോഗം ഉയരുന്നതായി എക്സൈസിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. കോളേജ് വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ബാംഗ്ലൂർ, ഗോവ പോലുള്ള നഗരങ്ങളിൽ നിന്ന് ലഹരി വസ്തുക്കൾ ഒഴുകുന്നത്. കഴിഞ്ഞ മാസം ആദ്യം എം.ഡി.എം.എയുമായി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേരെ എക്സൈസ് സംഘം പിടികൂടിയിരുന്നു. ജില്ലയിൽ യുവാക്കളുടെ ഇടയിൽ എൽ.എസ്.ഡി സ്റ്റാമ്പ് ഉപയോഗമുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
സ്പെഷ്യൽ ഡ്രൈവ് .
ഒക്ടോബർ 6 വരെ ഒരുമാസക്കാലം ജില്ലയിൽ എക്സൈസ് സ്പെഷ്യൽ ഡ്രൈവ് നടത്തുകയാണ്. ഇതിന്റെ ഭാഗമായി പരിശോധന ശക്തമാക്കിയിരുന്നു. 16 മുതൽ 29 വരെ 462 റെയ്ഡുകൾ നടത്തിയതിൽ 35 കേസുകൾ രജിസ്റ്റർ ചെയ്തു. 38 പേരെ പിടികൂടി. 3.338 കിലോ കഞ്ചാവും 0.145 ഗ്രാം എം.ഡി.എം.എയും പിടികൂടിയിട്ടുണ്ട്. 56 അബ്കാരി കേസുകളിലായി 57 പേരെ പിടികൂടി. 294 കോട്പ കേസുകൾ രജിസ്റ്റർ ചെയ്തതിലൂടെ 58,800 രൂപ പിഴ ഈടാക്കി. 1078 വാഹനങ്ങളാണ് പരിശോധിച്ചത്. ഇതിൽ മൂന്നെണ്ണം പിടിച്ചെടുത്തു.