കോടിയേരി ബാലകൃഷ്ണൻ എന്ന പേരിനൊപ്പം തെളിയുന്നത് നിറചിരിയോടെയുള്ള ഒരു മുഖമാണ്. രാഷ്ടീയത്തിനപ്പുറം ആരോടും പിണങ്ങാത്ത സൗമ്യവും ദീപ്തവുമായ മുഖം. കമ്യൂണിസ്റ്റ് നേതാക്കളിൽ പലരും ചിരിക്കില്ലെന്ന ആരോപണത്തിന്റെ മറുവശമായിരുന്നു കോടിയേരി.
കോൺഗ്രസ് കുടുംബത്തിൽ ജനിച്ചെങ്കിലും സമ്പന്നതയുടെ മടിത്തട്ടിലിലല്ല വളർന്നത്. സ്വന്തം ജീവിതാനുഭവങ്ങളിലൂടെ പാവപ്പെട്ടവക്കൊപ്പം എന്നും നില ഉറപ്പിച്ച വിദ്യാർത്ഥി നേതാവായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചു. വിദ്യാർത്ഥി യുവജനപ്രസ്ഥാനങ്ങളുടെ കല്ലും മുള്ളും നിറഞ്ഞ കനൽവഴികളിൽ സഹസനസമര പാതതെളിച്ച് മുന്നേറി, സി.പി.എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും ആഭ്യന്തര വകുപ്പുമന്ത്രിയുമൊക്കെയായ് വളർന്നത് കഠിന പരിശ്രമത്തിലൂടെയായിരുന്നു . ആഭ്യന്തര വകുപ്പ് എന്നും തലവേദനയായ് മാറുമ്പോൾ പൊലീസ് സേനയുടെ ആത്മവീര്യം വർദ്ധിക്കാനും ജനകീയ പൊലീസ് സ്റ്റുഡന്റ് പൊലീസ് എന്നിവയിലൂടെ പൊലീസിന് പുതിയ മുഖം നൽകാനുമായി. പാർട്ടി സെക്രട്ടറി എന്ന നിലയിൽ കാർക്കശക്കാര്യനായിരിക്കുമ്പോഴും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സി.പി.എമ്മിനും കൂടുതൽ ജനകീയമുഖം നൽകാൻ അദ്ദേഹത്തിനായി. കരുത്തിനും കാർക്കശ്യത്തിനുമൊപ്പം സൗമ്യതയുടെ പര്യായം കൂടിയായിരുന്നതിനാലാണ് കോടിയേരിയുടെ മൃതദേഹം ഒരു നോക്കു കാണാനായി പതിനായിരങ്ങൾ തെരുവീഥികളിൽ കാത്തു നിന്നത്. അന്തിമോപചാരം അർപ്പിക്കാൻ പ്രതിപക്ഷ രാഷ്ടീയ നേതാക്കൾ കണ്ണൂരിലേക്ക് ഒഴുകിയെത്തിയതും കോടിയേരി അവരുടെ മനസിൽ ഇടം പിടിച്ചതു കൊണ്ടായിരുന്നു .
കറകളഞ്ഞ കമ്മ്യൂണിസ്റ്റ് ആശയ പ്രചാരകൻ എന്നതിനൊപ്പം എന്നും പ്രായോഗിക രാഷ്ടീയത്തിന്റെ വക്താവ്കൂടിയായിരുന്നു. എടുക്കുന്ന തീരുമാനങ്ങൾ ഒപ്പമുള്ളവരെ ബോദ്ധ്യപ്പെടുത്താനും അവരുടെ അഭിപ്രായങ്ങൾക്ക് ചെവികൊടുക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഒറ്റക്കെട്ടായി പാർട്ടിയെ മുന്നോട്ടു നയിച്ച് കേരള ചരിത്രത്തിൽ ആദ്യമായ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തുടർ ഭരണം നേടിക്കൊടുത്തത് സെക്രട്ടറി എന്ന നിലയിൽ കോടിയേരിയുടെ ഇടപെടലായിരുന്നു. അനാരോഗ്യത്തിന്റെ പിടിയിലായിട്ടും കോടിയേരിയുടെ ആവശ്യപ്രകാരമായിരുന്നു സെക്രട്ടറി സ്ഥാനത്തു നിന്ന് താത്ക്കാലികമായി ഒഴിവാക്കിയത്. ആരോഗ്യം അൽപ്പം മെച്ചപ്പെട്ടപ്പോൾ വീണ്ടും സെക്രട്ടറിയാക്കിയതും പാർട്ടിയോട് കോടിയേരികാട്ടിയ അർപ്പണ മനോഭാവത്താലയിരുന്നു.