
പാലാ : സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ ജൽപായ്ഗുഡി സ്വദേശിയായ പ്രദീപ് ബർമ്മൻ (26) നെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ബംഗാൾ സ്വദേശിയായ അഭയ് മാലിക്കിനെ (47) യാണ് കൊലപ്പെടുത്തിയത്. പാലാ കടപ്പാട്ടൂർ അമ്പലം ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന ഇവർ കഴിഞ്ഞ ദിവസം രാത്രി മദ്യപിക്കുകയും തുടർന്ന് പരസ്പരം വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. അതിനുശേഷം ഉറങ്ങാൻ കിടക്കുകയും പിറ്റേന്ന് പുലർച്ചെ പ്രദീപ് ബർമ്മൻ ഉറങ്ങിക്കിടക്കുകയായിരുന്ന അഭയ് മാലിക്കിന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ച് മാരകമായി പരിക്കേൽപ്പിച്ചതിനു ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് നാടുവിടുകയുമായിരുന്നു. കോട്ടയം, എറണാകുളം റെയിൽവേ സ്റ്റേഷനുകളും, അന്യസംസ്ഥാന തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന പെരുമ്പാവൂർ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. സി.സി.ടി.വി കാമറകൾ പരിശോധിച്ചതിൽ നിന്ന് ഇയാൾ തിരുവനന്തപുരം ചെന്നൈ മെയിലിൽ എറണാകുളത്ത് നിന്ന് കയറിയെന്ന് മനസ്സിലാക്കുകയും തുടർന്ന് അന്വേഷണസംഘം പാലക്കാട് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എസ്.എച്ച്. ഒ കെ.പി ടോംസൺ,എസ്.ഐ അഭിലാഷ് എം.ഡി, സി.പി.ഒമാരായ ജസ്റ്റിൻ ജോസഫ്, രഞ്ജിത്ത്, ജോഷി മാത്യു, അരുൺകുമാർ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.