ചങ്ങനാശേരി: ഒറ്റനോട്ടത്തിൽ പച്ചപ്പ് നിറഞ്ഞ ഒരു തരിശുഭൂമി. പോള വകഞ്ഞു മാറ്റിയാൽ കറുത്ത നിറത്തിൽ വെള്ളം. ആലപ്പുഴ ചങ്ങനാശേരി റോഡിനു സമാന്തരമായി എ.സി കനാലിലെ മനയ്ക്കച്ചിറയിൽ വീണ്ടും പോള നിറയുകയാണ്. കഴിഞ്ഞ വർഷം ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ പോള പൂർണമായി നീക്കം ചെയ്തിരുന്നു. സംരക്ഷണമില്ലാതായതോടെയാണ് കനാലിൽ വീണ്ടും പോള നിറഞ്ഞത്. ഇവിടുത്തെ പവലിയനുകളും നാശത്തിന്റെ വക്കിലാണ്. ചുറ്റുമതിലും മറ്റും ഇടക്കാലത്ത് നവീകരണത്തിന്റെ ഭാഗമായി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. പോളയ്ക്ക് പുറമേ പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും കനാലിൽ നിറഞ്ഞു. എ.സി റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ, മനയ്ക്കച്ചിറ പ്രധാന ഗേറ്റ് ഉൾപ്പെടെ അടഞ്ഞ നിലയിലാണ്. പ്രവേശനഭാഗത്ത് റോഡ് കുഴിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇവിടേക്ക് യാത്രക്കാരും എത്താതായി. മനയ്ക്കച്ചിറ ടൂറിസം പദ്ധതിയ്ക്കു പുറമെ കനാലിലെ പോള വാരി മാറ്റുന്നതിന് പലതവണയായി കോടികൾ ചെലവഴിച്ചിരുന്നു.
ഒന്നും നടക്കില്ല
പോള നിറയുന്നതിനാൽ 6 വർഷമായി ചങ്ങനാശേരി ജലോത്സവം മുടങ്ങിയ അവസ്ഥയിലാണ്. ശമ്പള വ്യവസ്ഥയിൽ പോള നീക്കുന്നതിന് ആളെ നിയമിക്കുന്നതിനുള്ള ആലോചനകൾ നടന്നെങ്കിലും പദ്ധതി നടപ്പായില്ല. പോള മൂലം സമീപവാസികളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. പോളയും പൂവും അഴുകുന്ന കനാലിലെ വെള്ളമാണ് പ്രാഥമികാവശ്യങ്ങൾക്കായി ഇവർ ഉപയോഗിക്കുന്നത്. ഇത് രോഗഭീതി ഉയർത്തുന്നുണ്ട്.