കെഴുവംകുളം : അടുത്തിടെ പുറത്തിറങ്ങുന്ന ഒരു സിനിമയുടെ ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്യാൻ പൊട്ടിപ്പൊളിഞ്ഞ ഒരു റോഡ് വേണമായിരുന്നു. സിനിമാക്കാർ മറ്റൊന്നും ചിന്തിച്ചില്ല. നേരെ വച്ചുപിടിച്ച് മുത്തോലി - കൊങ്ങാണ്ടൂർ റോഡിലെ കെഴുവംകുളം ഭാഗത്തേക്ക്. ഇത്രയധികം തകർന്ന വേറൊരു റോഡ് മറ്റെങ്ങും കണ്ടില്ലെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകരുടെ അഭിപ്രായം. മുത്തോലി - കൊങ്ങാണ്ടൂർ റോഡിന്റെ നെടുംപുറം ജംഗ്ഷൻ മുതൽ കുറുമുണ്ട ജംഗ്ഷൻ വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരത്ത് പാതാളക്കുഴികളാണ്. ഇരുചക്ര വാഹനങ്ങൾ പെട്ടുപോയാൽ പൊടിപോലും കിട്ടില്ല കണ്ടുപിടിക്കാൻ. ഇത്രയേറെ തകർന്ന റോഡിനോട് അധികാരികൾ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്.
നാല് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന വഴിയാണിത്. ചെളിനിറഞ്ഞ പാടം വഴിയാണോ ബസ് പോകുന്നതെന്ന് ഇതുവഴി ആദ്യമെത്തുന്ന യാത്രക്കാർ ആശ്ചര്യപ്പെട്ടേക്കാം. റോഡിൽ അത്രയ്ക്കുണ്ട് മണ്ണും ചെളിയും കുഴിയും. കെഴുവംകുളം എൻ.എസ്.എസ് സ്‌കൂൾ, ചേർപ്പുങ്കൽ സ്‌കൂളും കോളേജും, കെഴുവംകുളം എൽ.പി സ്‌കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കൊച്ചുകുട്ടികൾ പഠിക്കുന്ന കെഴുവംകുളം അംഗൻവാടി... ചേർപ്പുങ്കൽ മെഡിസിറ്റി, കെഴുവംകുളം കൃഷിഭവൻ, പ്രമുഖ ആരാധനാലയങ്ങളായ കെഴുംവംകുളം ഗുരുദേവസുബ്രഹ്മണ്യ ദേവീക്ഷേത്രം, ചേർപ്പുങ്കൽ പള്ളി, കെഴുവംകുളം ചെറുവള്ളിക്കാവ് ഭഗവതി ക്ഷേത്രം, ചിറക്കര വിഷ്ണുക്ഷേത്രം, ആലുംതറപ്പാറ ശ്രീധർമ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലേക്കുമുള്ള ഭക്തജനങ്ങളും നൂറുകണക്കിന് വിദ്യാർത്ഥികളും നിത്യേന സഞ്ചരിക്കുന്ന വഴിയാണ് അഗാധ ഗർത്തങ്ങളും ചെളിക്കുഴികളും നിറഞ്ഞിരിക്കുന്നത്. കുഴികളിൽ നിന്നുള്ള പൊടിയടിച്ച് അങ്കണവാടിയിലെ കൊച്ചുകുട്ടികൾക്ക് നിത്യവും ചുമയും ജലദോഷവും പനിയുമാണെന്ന് രക്ഷകർത്താക്കൾ പറയുന്നു.
സമരരംഗത്തേക്ക് ഇറങ്ങേണ്ടി വരും
റോഡ് എത്രയുംവേഗം നന്നാക്കിയില്ലെങ്കിൽ നാട്ടുകാർക്ക് സമരരംഗത്തേക്ക് ഇറങ്ങേണ്ടി വരുമെന്ന് കെഴുവംകുളം എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് പി.എൻ.രാജു പര്യാത്ത് പറഞ്ഞു. കെഴുവംകുളം ഗുരുദേവ ക്ഷേത്രം ഉൾപ്പെടെ ആരാധനാലയങ്ങളിലേക്കും, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കും പോകേണ്ട സാധാരണക്കാരായ ജനങ്ങളോട് ഇത്ര കടുത്ത അലംഭാവം അധികൃതർ കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.