tech

കോട്ടയം. സഹകരണ മേഖലയിലെ സാങ്കേതിക വിദ്യാധിഷ്ഠിത കൃഷി പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ആനിക്കാട് റീജണൽ ഫാർമേഴ്‌സ് സഹകരണബാങ്ക് അങ്കണത്തിൽ മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അദ്ധ്യക്ഷനായിരിക്കും. ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ആസൂത്രണബോർഡ് കാർഷിക-സഹകരണവിഭാഗം മേധാവി എസ്.എസ്. നാഗേഷ് പദ്ധതി വിശദീകരണം നടത്തും. സംസ്ഥാന ആസൂത്രണ ബോർഡിന്റെ നിർദേശപ്രകാരം സഹകരണ മേഖലയിൽ സാങ്കേതിക വിദ്യാധിഷ്ഠിത കൃഷി പദ്ധതിയുടെ 14 പ്രോജക്ടുകൾ നടപ്പാക്കുന്നതിനാണ് തുടക്കം കുറിക്കുന്നത്. അഞ്ചുവർഷത്തിനുള്ളിൽ കാർഷിക വികസന മുന്നേറ്റമുണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.