കോട്ടയം : കടകൾ അടച്ചുപൂട്ടിയിട്ടും അവർക്ക് പോകാൻ മനസ് വന്നില്ല. നിസംഗരായി കടകൾക്ക് മുന്നിൽ ഇരുന്നു. നല്ല കാലത്തിന്റെ ഓർമ്മകളെ ഒന്നുകൂടി ചേർത്തുപിടിച്ചു. ഇനിയെന്തെന്ന് ചോദിക്കുമ്പോൾ പലർക്കും ഉത്തരമില്ല. ജീവിതത്തിന്റെ താളം നിലച്ചുപോകുന്ന അവസ്ഥയാണെന്ന് സരിത മ്യൂസിക്സ് നടത്തുന്ന ബീന പറയുന്നു. 42 വർഷമായി ടെലിഫോൺ ബൂത്ത് നടത്തിയിരുന്ന വി.എൻ സോമൻ ഷട്ടറിട്ട കടയ്ക്ക് മുന്നിൽ നിന്ന് വിതുമ്പി. തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിലെ 52 ലൈസൻസികളും ഇന്നലെ കടയൊഴിഞ്ഞ് താക്കോൽ നഗരസഭയിൽ ഏല്പിച്ചു. ഉച്ചയ്ക്ക് ശേഷം റവന്യു ഇൻസ്പെക്ടർ ഷാജിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തി കടകൾ സീൽ ചെയ്തു. ഹൈക്കോടതി നിർദ്ദേശപ്രകാരം കോംപ്ലക്സ് പൊളിക്കുന്നതിന്റെ ഭാഗമായാണ് വ്യാപാരികൾ കട ഒഴിഞ്ഞത്. കട ഒഴിയാനുള്ള ഉത്തരവ് കാലാവധി വെള്ളിയാഴ്ച അവസാനിച്ചിരുന്നെങ്കിലും സാധനങ്ങൾ മാറ്റാൻ രണ്ട് ദിവസത്തെ സാവകാശം വാങ്ങി തിങ്കളാഴ്ച കട പൂട്ടി താക്കോൽ ഏൽപ്പിക്കാമെന്ന് വ്യാപാരികൾ സമ്മതമറിയിച്ചിരുന്നു. എന്നാൽ ശനിയാഴ്ച നഗരസഭ ഉദ്യോഗസ്ഥർ എത്തി നാല് കടകൾ സീൽ ചെയ്തു.
ഇനിയെന്ത്, പലർക്കും ഉത്തരമില്ല
തിരുനക്കരയിലെ കെട്ടിടം ചരിത്രത്തോട് ചേരുമ്പോൾ ഇനി അവശേഷിക്കുന്നത് ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്. പലരും സാധനങ്ങൾ വീട്ടിലേക്കാണ് മാറ്റിയത്. ഇനി ഒരു കട തുടങ്ങാൻ സാധിക്കുമോയെന്ന് പലർക്കും അറിയില്ല. നഗരസഭ തങ്ങൾക്ക് ഉചിതമായ പുനരധിവാസം ഉറപ്പാക്കുമോ എന്ന് 52 ഓളം വ്യാപാരികൾക്കും, 350 ഓളം ജീവനക്കാർക്കും ഉറപ്പില്ല. 63 വർഷം പഴക്കമുള്ള എ ബ്ലോക്ക് ആണ് ആദ്യം പൊളിക്കുക. കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലയിലുള്ള ലൈസൻസികളെ നാഗമ്പടം ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മുകളിൽ ഒഴിഞ്ഞുകിടക്കുന്ന കടകളിലേക്ക് മാറ്റാനാണ് ധാരണയായത്. താഴെയുള്ളവരെ എ, ബി ബ്ലോക്കുകൾ പൊളിച്ച് അവിടെ പുനരധിവസിപ്പിക്കും. ഹൈക്കോടതിയിൽ ആറിന് നഗരസഭ റിപ്പോർട്ട് സമർപ്പിക്കും.