കുറവിലങ്ങാട് : കുറവിലങ്ങാട്ടെ ആദ്യ പൊതുകളിസ്ഥലം നസ്രത്തുഹില്ലിൽ യാഥാർത്ഥ്യമായി. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 9 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച നസ്രത്തുഹിൽ സ്‌പോർട്ടിംഗ് ഗ്രൗണ്ട് തോമസ് ചാഴിക്കാടൻ എം.പി നാടിന് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു പുതിയിടത്തുചാലിൽ അദ്ധ്യക്ഷത വഹിച്ചു. ഡിപോൾ ഇംഗ്ലീഷ് മീഡിയം സ്‌കൂളിനോട് ചേർന്ന് ബ്ലോക്കുപഞ്ചായത്ത് വക സ്ഥലത്താണ് കളിസ്ഥലം നിർമ്മിച്ചിരിക്കുന്നത്. നസ്രത്തുഹിൽ സ്‌പോർട്ടിംഗ് ക്ലബിന്റെ ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായ ഒളിമ്പ്യൻ മനോജ് ലാലിനെ യോഗം ആദരിച്ചു. കായികതാരങ്ങളുടെ ജേഴ്‌സിയുടെ പ്രകാശനം സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ. പി.ജെ.സിറിയക് പൈനാപ്പള്ളിൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോൾ ജോർജ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്തു വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.സി.കുര്യൻ, പഞ്ചായത്തംഗങ്ങളായ ജോൺസൻ പുളിക്കീൽ, കൊച്ചുറാണി സെബാസ്റ്റ്യൻ, സ്മിത അലക്‌സ്, പഞ്ചായത്തംഗങ്ങളായ അൽഫോസ് ജോസഫ്, വിനു കുര്യൻ, ഡാർലി ജോജി, കമലാസനൻ ഇ.കെ., ലതിക സാജു, ബിജു പുഞ്ചായിൽ, ബേബി തൊണ്ടാൻകുഴിയിൽ, ടെസി സജീവ്, എം.എം. ജോസഫ്, ഫാ. ക്ലെമന്റ് കുടകല്ലിൽ എന്നിവർ പങ്കെടുത്തു. വൈകുന്നേരങ്ങളിലും രാത്രിയിലും കായികാവശ്യങ്ങൾക്കുപയോഗിക്കുന്നതിനായി ഫ്‌ളഡ്‌ലൈറ്റ് സംവിധാനവും ഗ്രൗണ്ടിൽ ഒരുക്കിയിട്ടുണ്ട്. വൈകിട്ട് നാലു മുതൽ ആറുവരെ വിദ്യാർത്ഥികൾക്കായും ആറുമുതൽ എട്ടുവരെ യുവജനങ്ങൾക്കായും എട്ട് മുതൽ മുതിർന്നവർക്കായും ഗ്രൗണ്ട് പ്രയോജനപ്പെടുന്ന വിധത്തിലാണ് ക്രമീകരണം.