കോട്ടയം: തിരുനക്കര ബസ് ​സ്റ്റാൻഡ് ഷോപ്പിം​ഗ് കോംപ്ലക്സിൽ നിന്ന് ഒഴിഞ്ഞ വ്യാപാരികളുടെ പുനരധിവാസം സംബന്ധിച്ചുള്ള കാര്യങ്ങൾ ഇന്നത്തെ ധനകാര്യ കമ്മിറ്റിയിൽ ചർച്ച ചെയ്യും. താഴത്തെ നിലയിലുള്ള വ്യാപാരികൾക്ക് എ ബ്ലോക്ക് പൊളിച്ചശേഷം അവിടെ സൗകര്യമൊരുക്കുമെന്നും രണ്ട്, മൂന്ന് നിലകളിൽ ഉള്ളവരെ നാ​ഗമ്പടം ​സ്റ്റാൻഡ്, തിരുവാതുക്കൽ എന്നിവടങ്ങളിലേക്ക് മാറ്റുമെന്നുമാണ് ന​ഗരസഭ പറയുന്നത്. ഇത് സംബന്ധിച്ചും പുതിയ കടകളിൽ വ്യാപാരികൾ നൽകേണ്ട വാടക സംബന്ധിച്ചും ഇന്ന് തീരുമാനമെടുക്കും. നാളെ ചേരുന്ന കൗൺസിൽ യോ​ഗത്തിലെ അന്തിമതീരുമാനം ഉണ്ടാകൂ. നിലവിൽ നാ​ഗമ്പടത്തെ കെട്ടിടത്തിലേക്ക് മാറാൻ സമ്മതമറിയിച്ച് എട്ടു വ്യാപാരികൾ കത്തുനൽകിയിട്ടുണ്ട്.

നാളത്തെ കൗൺസിൽ യോ​ഗത്തിന് ശേഷം ​ഗതാ​ഗത ഉപദേശക കമ്മിറ്റി കൂടി പൊലീസുമായി ആലോചിച്ച ശേഷം ബസ് ​സ്റ്റാൻഡ്, ടാക്സി ​സ്റ്റാൻഡ് എന്നിവ മാറ്റുന്ന കാര്യം പരി​ഗണിക്കും. കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സർവേ റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്. ഇത് കൗൺസിൽ അം​ഗീകരിച്ച ശേഷമാകും പൊളിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുക. അതേസമയം, പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ന​ഗരസഭയുമായി ബന്ധപ്പെട്ട 14 ആർക്കിടെക്ടുമാർ 12നും 15നും ഇടയിൽ ചേരുന്ന കൗൺസിൽ യോ​ഗത്തിൽ പ്രസ​ന്റേഷൻ നടത്തും. ഇതിൽ നിന്ന് ഒരാളെ തെരഞ്ഞെടുത്ത ശേഷം വിശദമായ റിപ്പോർട്ട് തയാറാക്കി വേണം നിർമ്മാണ നടപടികളിലേക്ക് നീങ്ങാൻ.