kappa

കോട്ടയം . കപ്പയ്ക്ക് വില വർദ്ധിച്ചെങ്കിലും തണ്ടിന് ക്ഷാമം നേരിടുന്നതായി കർഷകർ. പുതിയതായി കപ്പ കൃഷി ചെയ്യാൻ ഇറങ്ങിയ കർഷകരാണ് ഇതോടെ ദുരിതത്തിലായത്. ഒരു കപ്പത്തണ്ടിന് 5 രൂപയാണ്. മുൻപ് 1 രൂപ മുതൽ 2 രൂപ വരെയായിരുന്നു വില. കപ്പയ്ക്ക് കിലോയ്ക്ക് 50 രൂപ വരെ ലഭിക്കുന്നുണ്ട്. ഇതോടെ കൂടുതൽ ആളുകളാണ് കൃഷിയിലേക്ക് തിരിഞ്ഞത്. നിലവിൽ കൃഷിചെയ്ത് കൊണ്ടിരിക്കുന്നവരുടെ കൈയിൽ നിന്നാണ് പലരും തണ്ട് ശേഖരിക്കുന്നത്. എന്നാൽ പല കർഷകരും കപ്പത്തണ്ട് കൊടുക്കാൻ തയ്യാറാകുന്നില്ല. കപ്പയിൽ നിന്ന് എഥനോൾ അടക്കമുള്ള മൂല്യവർദ്ധിത വസ്തുക്കൾ ഉത്പാദിപ്പിക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനവും കർഷകന് പ്രതീക്ഷ നൽകി. തുടർച്ചയായി കപ്പയ്ക്ക് ഉണ്ടായ വിലയിടിവ് മൂലം കപ്പ കൃഷിയിൽനിന്നും ആളുകൾ പൂർണമായും മാറിനിന്നതാണ് കപ്പത്തണ്ടിന്റെ ക്ഷാമത്തിന് കാരണം. മുൻകാലങ്ങളിൽ ഉണ്ടായിരുന്ന വിലയിടിവ് മൂലം കർഷകരാരും കപ്പത്തണ്ടുകൾ ശേഖരിച്ച് വച്ചിരുന്നില്ല. ഉണ്ടായിരുന്ന കപ്പത്തണ്ടുകൾ വേനൽ ശക്തമായതോടെ കന്നുകാലികൾക്ക് തീറ്റയായി നൽകി.

കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് പറയുന്നു.

കപ്പത്തണ്ട് ക്ഷാമത്തിന് പരിഹാരമായി കിഴങ്ങ് ഗവേഷണ കേന്ദ്രം വഴി ഗുണനിലവാരമുള്ള കപ്പത്തണ്ടുകൾ ശേഖരിച്ച് കൃഷിവകുപ്പുകൾ വഴി വിതരണം ചെയ്യാനുള്ള നടപടി സർക്കാർ സ്വീകരിക്കണം.