കോരുത്തോട്ടിൽ ശബരിമല തീർത്ഥാടകർക്കായി നിർമ്മിച്ച കെട്ടിടം നാശത്തിന്റെ വക്കിൽ

മുണ്ടക്കയം: ലക്ഷങ്ങൾ മുടക്കി കോരുത്തോട്ടിൽ ശബരിമല തീർത്ഥാടകർക്കായി നിർമ്മിച്ച വിശ്രമകേന്ദ്രം ഇത്തവണയും തുറക്കില്ല. പരമ്പരാഗത കാനനപാത വഴി യാത്രചെയ്യുന്ന അയ്യപ്പഭക്തർ ഈ തീർത്ഥാടനകാലത്തും വിശ്രമത്തിനായി സ്വകാര്യ ഇടതാവളങ്ങളെ ആശ്രയിക്കണം. ഗ്രാമപഞ്ചായത്ത് പരിധിയിൽ ജംഗ്ഷന് സമീപം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വികേന്ദ്രീയാസൂത്രണ പദ്ധതി പ്രകാരമാണ് ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള 36 സെന്റ് സ്ഥലത്ത് ഏഴ് വർഷം മുമ്പ് അയ്യപ്പഭക്തർക്കായി ഇടത്താവളം നിർമ്മിച്ചത്. ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 12.5 ലക്ഷവും, ഗ്രാമപഞ്ചായത്തിന്റെ 2.5 ലക്ഷവും രൂപ വിനിയോഗിച്ച് 15 ലക്ഷം രൂപ ചിലവഴിച്ചാണ് രണ്ട് ഹാളുകളും, നാല് ബാത്ത് റൂമുകളോടും കൂടിയ വിശ്രമകേന്ദ്രം നിർമ്മിച്ചത്. ടൗണിൽ നിന്നും 500 മീറ്റർ ഉള്ളിലായി അഴുതയാറിന്റെ തീരത്ത് നിർമ്മിച്ച കെട്ടിടം ഇപ്പോൾ കാട് മൂടിയ അവസ്ഥയിലാണ്. കെട്ടിടത്തിലെ ഉപകരണങ്ങൾ നശിച്ച നിലയിലാണ്. കെട്ടിടം അനാഥമായതോടെ മദ്യപാനികളും ചീട്ടുകളിസംഘങ്ങളുമാണ് ഇവിടെ തമ്പടിക്കുന്നത്. എസ്റ്റിമേറ്റ് പ്രകാരമുള്ള നിർമാണം പൂർത്തിയാക്കി കെട്ടിടം ഗ്രാമപഞ്ചായത്തിന് വിട്ടുനൽകി എന്നാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറയുന്നത്. എന്നാൽ ഇത് തെറ്റാണെന്നും കെട്ടിടം ഇപ്പോഴും ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ വിനോദ് പറഞ്ഞു. കെട്ടിട നിർമ്മാണത്തിൽ അഴിമതിയുണ്ടെന്നും എൽ.ഡി.എഫ് നേതൃത്വം ആരോപിച്ചിരുന്നു.

വിവാദങ്ങൾ ഒഴിയാതെ

കോരുത്തോട് ഗ്രാമപഞ്ചായത്തിൽ ബസ് സ്റ്റാൻഡ് നിർമ്മിക്കാനാണ് 2005ൽ സ്ഥലം വാങ്ങിയത്. പക്ഷേ ഇതിൽ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടർന്ന് വിജിലൻസ് അന്വേഷണവും നേരിട്ടിരുന്നു. ഇവിടേയ്ക്കുള്ള പൊതുവഴിക്കായി ഗ്രാമപഞ്ചായത്ത് വീണ്ടും പണം നൽകി ഒൻപത് സെന്റ് സഥലം വാങ്ങിയിരുന്നു. ഇതിനിടെയാണ് ബ്ലോക്ക് പഞ്ചായത്തിന്റെ തീർത്ഥാടക വിശ്രമകേന്ദ്രം പദ്ധതി ഇതേ സ്ഥലത്ത് നിർമ്മിക്കാൻ അന്നത്തെ യുഡിഎഫ് ഭരണ സമിതി തീരുമാനിച്ചത്. ഒടുവിൽ ബസ് സ്റ്റാൻഡുമില്ല തീർത്ഥാടക വിശ്രമകേന്ദ്രവും ഇല്ലാതായതോടെ നാട്ടുകാരുടെ പ്രതിഷേധവും ഉയർന്നിരുന്നു. ജീപ്പ് മാത്രം കടന്നു പോകാവുന്ന വഴിയിൽ ബസുകൾ ഇറങ്ങണമെങ്കിൽ വഴിയ്ക്കായി ഇനിയും സ്ഥലം ഏറ്റെടുക്കണം.