ചങ്ങനാശേരി: ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പുതിയതായി നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ 25 ലക്ഷം രൂപ ചെലവഴിച്ചാണ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്. കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉള്ളിൽ തന്നെ സ്റ്റേഷൻ മാസ്റ്റർ റൂം, കൺട്രോൾ റൂം തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. എച്ച്.എൽ.എൽ ലൈഫ് കെയറിനാണ് നിർമ്മാണ ചുമതല. പഴയകെട്ടിടം ഉടൻ തന്നെ പൊളിച്ചു മാറ്റും. ഇതുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂർത്തിയായി. വൈകുന്നേരം നാലിന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു ഉദ്ഘാടനം ചെയ്യും. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയായിരിക്കും. ചങ്ങനാശേരി മുൻസിപ്പാലിറ്റി ചെയർപേഴ്‌സൺ സന്ധ്യ മനോജ് മുഖ്യപ്രഭാഷണം നടത്തും. ബീനാ ജോബി, ജി.പി പ്രദീപ് കുമാർ, കെ.ടി സൈബി, സണ്ണി തോമസ് തുടങ്ങിയവർ പങ്കെടുക്കും. കെ.എസ്.ആർ.ടി.സി ചെയർമാൻ ബിജു പ്രഭാകർ സ്വാഗതവും ചങ്ങനാശേരി ഡി.ടി.ഒ കെ.അജി നന്ദിയും പറയും.