വൈക്കം : കൊവിഡ് കാലം മുതൽ അടഞ്ഞുകിടക്കുന്ന നഗരസഭയുടെ ഉടമസ്ഥതയിലുള്ള കുട്ടികളുടെ പാർക്ക് പ്രവർത്തനസജ്ജമാക്കി എൽ.ഡി.എഫ് കൗൺസിലർമാർ. നാലു ദിവസം നീണ്ട ശുചീകരണത്തിലൂടെയാണ് പാർക്ക് പ്രവർത്തനസജ്ജമാക്കിയത്. ഇതോടെ പാർക്ക് അടിയന്തിരമായി തുറന്നുകൊടുക്കണമെന്ന ആവശ്യമുയർന്നു. ശുചീകരണ പ്രവർത്തനങ്ങൾക്ക് കൗൺസിലർമാരായ ആർ സന്തോഷ്, അശോകൻ വെള്ളവേലി, കവിത രാജേഷ്, ലേഖ ശ്രീകുമാർ, എബ്രഹാം പഴയകടവൻ, എ.സി മണിയമ്മ എന്നിവർ നേതൃത്വം നൽകി. 2015ൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിലുള്ള കൗൺസിൽ അധികാരത്തിൽ വരുമ്പോൾ നഗരസഭ പാർക്കിലെ ഉപകരണങ്ങൾ നശിച്ച് കുട്ടികൾക്ക് ഉപയോഗപ്രദമല്ലാത്തവിധം പാർക്ക് അടഞ്ഞുകിടക്കുകയായിരുന്നു. എൻ.അനിൽ ബിശ്വാസ് ചെയർമാൻ ആയിരിക്കെ 34 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക രീതിയിലുള്ള റൈഡറുകൾ ഉൾപ്പെടെ സ്ഥാപിച്ച് പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് 2020 മുതൽ പാർക്ക് അടഞ്ഞുകിടക്കുകയാണ്. യു.ഡി.എഫ് കൗൺസിൽ അധികാരത്തിൽ എത്തിയത് മുതൽ പാർക്കിന്റെ പരിപാലനത്തിൽ വീഴ്ചവരുത്തിയെന്ന് എൽ.ഡി.എഫ് ആരോപിച്ചിരുന്നു. പാർക്ക് തുറക്കണമെന്ന് ആവശ്യമുയർന്നപ്പോൾ എട്ടുലക്ഷം രൂപയുടെ അറ്റകുറ്റപണികൾ വേണ്ടിവരുമെന്നായിരുന്നു നഗരസഭാ ഭരണനേതൃത്വത്തിന്റെ വാദം. എന്നാൽ ഏതാനും ബെഞ്ചുകളുടെ അറ്റകുറ്റ പണിയും റൈഡറുകളിലെ അഴുക്കും പൂപ്പലും നീക്കം ചെയ്യുന്നതും മാത്രമാണ് പാർക്കിൽ ആവശ്യമായ പ്രവൃത്തികളെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ ചൂണ്ടിക്കാട്ടിയിരുന്നു.
അവർ കൈകോർത്തു...
ഗാന്ധി ജയന്തിയോടനുബന്ധിച്ച് എൽ.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നാലു ദിവസം നീണ്ട ശുചീകരണത്തിലൂടെ ടോയ്‌ലറ്റ്, നടപ്പാതകൾ, സിമന്റ് ബെഞ്ചുകൾ, റൈഡറുകൾ എന്നിവ വൃത്തിയാക്കിയിരുന്നു. രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെയുള്ള വൈദ്യുതി വിളക്കുകൾ അംഗീകൃത ഇലക്ട്രീഷ്യനെ കൊണ്ട് പരിശോധിച്ചിപ്പിച്ച് തെളിയിക്കുകയും ചെയ്തു. ഇതിനായി ആകെ ചെലവഴിച്ചത് എൽ.ഡി.എഫ് കൗൺസിലർമാരുടെ ഓണറേറിയത്തിൽ നിന്നും മിച്ചം പിടിച്ച 30000 രൂപ മാത്രമാണ് വേണ്ടിവന്നത്. പാർക്ക് നവീകരണത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുക്കാനാണ് യു.ഡി.എഫിലെ ചിലർ ശ്രമിച്ചതെന്നും എൽ.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു.