വെച്ചൂർ: വെച്ചൂർ പഞ്ചായത്തിനെ സമ്പൂർണ രക്തസാക്ഷരതാ ഗ്രാമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. വെച്ചൂർ പഞ്ചായത്തിലെ 13 വാർഡുകളിലെയും 18 നും 60 നും മധ്യേ പ്രായമുള്ളവരുടെ രക്ത ഗ്രൂപ്പ് നിർണയിച്ച് സമ്പൂർണ രക്തസാക്ഷരതാ ഗ്രാമമാക്കി വെച്ചൂർ പഞ്ചായത്തിനെ മാറ്റുന്നതിനുള്ള വിവരശേഖരണം ആരംഭിച്ചു. പദ്ധതി നിർവഹണത്തിനായി പഞ്ചായത്ത് രണ്ട് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. രക്ത ദാന ദിനമായ ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ മണിലാൽ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദുരാജു, ആൻസി തങ്കച്ചൻ, മെഡിക്കൽ ഓഫിസർ ഡോ.കെ.ബി ഷാഹുൽ, ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.