കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന നൂറ് കോഴിയും കൂടും പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവഹിക്കും. മുട്ട ഉല്പാദനം വർദ്ധിപ്പിക്കുക, ഒപ്പം സ്ത്രീകളുടെ സാമ്പത്തിക ഉന്നമനംകൂടി ലക്ഷ്യമാക്കിയാണ് സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കേരള പൗൾട്രി വികസന കോർപ്പറേഷൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ പരിപാടി നടപ്പാക്കുന്നത്. 4 മാസം പ്രായമായ 100 മുട്ടക്കോഴിയും ഇരുമ്പ് നിർമ്മിതമായ ഹൈടെക് കൂടുമാണ് ഒരു കുടുംബത്തിന് നൽകുന്നത്. തുടക്കത്തിൽ 35 യൂണിറ്റുകൾക്കാണ് വിതരണം നടത്തുന്നത്. 30 ലക്ഷം രൂപയാണ് പദ്ധതിക്കായി സർക്കാർ ചിലവിടുന്നത്. സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അദ്ധ്യക്ഷയാകും. കെപ്‌കോ എം.ഡി പി. സെൽവകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ചെയർമാൻ പി.കെ മൂർത്തി പദ്ധതി വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജെസി ഷാജൻ, പി.ആർ അനുപമ, പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. മുട്ടക്കോഴി വളർത്തലിനെക്കുറിച്ച് ഡോ.ബിനു ഗോപിനാഥ് നയിക്കുന്ന പരിശീലനപരിപാടി ഉണ്ടായിരിക്കും.