lumi

കോട്ടയം: വിദ്യാലയങ്ങളിൽ പൊതുവായി സ്റ്റഡി ടൂറുകൾ നടക്കുന്ന സമയത്ത് വടക്കഞ്ചേരിയിലുണ്ടായ അപകടം രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും ഞെട്ടലായി. വിനോദ യാത്രകൾ ദുരന്തങ്ങളായി മാറുമ്പോഴുള്ള ആഘാതം ചെറുതല്ല. ക്ഷീണിതനായിട്ടും ടൂർ ഏറ്റെടുത്ത ബസ് ഡ്രൈവറും അതു തിരിച്ചറിഞ്ഞിട്ടും അയാളെ ബസ് ഒാടിക്കാൻ അനുവദിച്ച സ്കൂൾ അധികൃതരും നിയമലംഘനങ്ങൾക്കു നേരെ കണ്ണടയ്ക്കുന്ന മോട്ടോർ വാഹന വകുപ്പും എല്ലാം തന്നെ ഈ അപകടത്തിൽ പ്രതിസ്ഥാനത്താണ്. ഏത് അപകടങ്ങൾ നടക്കുമ്പോഴും മേലിൽ കർക്കശ നടപ‌ടികൾ സ്വീകരിക്കുമെന്ന ഭരണ സംവിധാനത്തിന്റെ വിടുവായത്തത്തിനപ്പുറം ഒന്നും നടക്കാറില്ല. ഉ‌റക്കംനിന്നുള്ള ഡ്രൈവിംഗും അമിത വേഗതയും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റിംഗുമൊന്നും തടയാൻ അധികൃതർ ഇനിയും ശ്രമിക്കുമെന്നും കരുതാനാവില്ല. ഇതിലും വലിയ അപകടങ്ങളുണ്ടായിട്ടും ഒന്നും നടന്നിട്ടില്ലെന്നതു തന്നെ കാരണം . ഒാഫീസിലിരുന്ന് പണം പ‌ിടുങ്ങുന്നതിനപ്പുറം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വഴിയിൽ കണ്ടിട്ട് കാലങ്ങളായി. പ്രത്യേകിച്ച് രാത്രിയിൽ. സന്ധ്യമയങ്ങിയാൽ മാളത്തിലൊളിക്കുന്ന മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ രാത്രികളിൽ ടൂറിസ്റ്റു ബസുകൾ നടത്തുന്ന അഭ്യാസങ്ങളൊന്നും കണ്ടിട്ടു പോലുമുണ്ടാകില്ല. പൊലീസാകട്ടെ തടഞ്ഞു നിറുത്തി ഫോൺ നമ്പർ എഴുതിയെടുക്കലിൽ ജോലി തീർക്കും. ബസിനു ചുറ്റും നൂറുകണക്കിന് ലൈറ്റുകൾ പിടിപ്പിച്ചാണ് ഇപ്പൊഴും ടൂറിസ്റ്റു ബസുകൾ ഒാടുന്നത്.

ഒക്ടോബർ, നവംബർ മാസങ്ങളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിനോദയാത്രകൾ നടത്തുന്നത്. യാത്ര പോകുന്ന ബസുകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കാൻ പലപ്പൊഴും അധികൃതർ ശ്രദ്ധിക്കാറില്ല. സ്‌കൂൾ അധികൃതരുടെ അവസ്ഥയും അതുതന്നെ. ആരോ ഏർപ്പാടാക്കിക്കൊടുത്ത ബസ് എന്നു മാത്രമാണ് പല പ്രിൻസിപ്പൽമാർക്കും അറിയാവുന്നത്. ഡ്രൈവർ തലേന്ന് വേണ്ടത്ര ഉറങ്ങിയിരുന്നു എന്നെങ്കിലും വിദ്യാലയാധികൃതർ ഉറപ്പു വരുത്തണം.

പഠന വിനോദയാത്രയ്ക്കായി നിയമാനുസൃതമുള്ള ബസുകൾ ഉപയോഗിക്കുക.

യാത്രയ്ക്ക് സ്കൂൾ അധികൃതർ രക്ഷകർത്താക്കളുടെ സമ്മത പത്രം വാങ്ങിയിരിക്കണം.

യാത്രക്കു മുൻപ് ബന്ധപ്പെട്ട റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസറെ അറിയിക്കണം.

മോട്ടാേർ വാഹന ഉദ്യോഗസ്ഥർ ബസ് പരിശോധിച്ച് ഫിറ്റ്നസ് ബോദ്ധ്യപ്പെടണം.

ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോ തലേന്ന് ഉറങ്ങിയിട്ടുണ്ടോ എന്നതടക്കം ഉറപ്പുവരുത്തണം.

ജില്ലാ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പറയുന്നു.

നടപടിക്രമം പാലിക്കാത്ത വാഹന ഉടമക്കെതിരെ നടപടി സ്വീകരിക്കും. വാഹനത്തിന്റെ പെർമിറ്റ് കാൻസൽ ചെയ്യൽ, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കൽ, സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കും.