പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പാലാ നഗരത്തിൽ ആരംഭിച്ച സർവീസ് സെന്ററിന്റെ വെഞ്ചിരിപ്പ് കർമ്മം മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ഫൗണ്ടർ ആൻഡ് പേട്രൺ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. രക്തപരിശോധനകൾ, അപ്പോയ്ന്റ്‌മെന്റ് ബുക്കിംഗ്, ചികിത്സാ റിപ്പോർട്ടുകൾ എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന പുതിയ സർവീസ് സെന്ററിന്റെ ഉദ്ഘാടനം ബിഷപ്പ് എമിരറ്റസ് മാർജോസഫ് പള്ളിക്കാപറമ്പിൽ നിർവഹിച്ചു. മാർ സ്ലീവാ മെഡിസിറ്റിയുടെ സേവനങ്ങൾ ഏറ്റവും എളുപ്പത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സർവീസ് സെന്ററുകൾ ആരംഭിക്കുന്നത് എന്ന് ബിഷപ്പ് മാർജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കൂടുതൽ സർവീസ് സെന്ററുകൾ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
രക്ത പരിശോധനകൾ, മറ്റ് അനുബന്ധസേവനങ്ങൾ എന്നിവ പുതിയ സർവീസ് സെന്ററിൽ ലഭ്യമാകുമെന്ന് മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു. പാലാ ഹെഡ്‌പോസ്റ്റ് ഓഫീസിന് മുൻവശത്തുള്ള സെന്റ്‌തോമസ് മാളിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ മെഡിസിറ്റിയുടെ പുതിയ സർവീസ് സെന്ററിൽ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ആറ് മുതൽ ഉച്ചക്ക് രണ്ടര വരെ സേവനങ്ങൾ ലഭ്യമായിരിക്കും. മാണി സി.കാപ്പൻ എം.എൽ.എ, പ്രോട്ടോ സിഞ്ചെല്ലുസ് മോൺ.ജോസഫ് തടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.