
പാലാ: ബുദ്ധറാം ഡി.പൂർത്തി വെറും അന്യസംസ്ഥാന തൊഴിലാളി ആയിരുന്നില്ല; ഒരു കാലഘട്ടത്തിൽ പാലായുടെയും കോട്ടയത്തിന്റെയും കേരളത്തിന്റെയും മുത്തായിരുന്നു. പാലാ സെന്റ് തോമസ് സ്‌കൂളിലെ പഠനകാലയളവിൽ ബുദ്ധറാം മൈതാനങ്ങളിൽ വെന്നിക്കൊടി പാറിച്ച കായികതാരം.
ഇന്നലെ ''അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ'' എന്ന വാർത്ത കണ്ടപ്പോൾ സഹപാഠികൾക്കും മുൻകായിക താരങ്ങൾക്കും വിഷമം അടക്കാനായില്ല; ''അവൻ വെറും അന്യസംസ്ഥാന തൊഴിലാളി മാത്രമല്ലായിരുന്നു. ഒരു കാലഘട്ടത്തിൽ കോട്ടയത്തിന്റെയും കേരളത്തിന്റെയും കായികഭൂപടം അടയാളപ്പെടുത്തിയ പേരായിരുന്നു അവന്റേത്. അവന്റെ വേർപാടിൽ ഓരോ കായിക താരത്തിനും തീരാവേദനയുണ്ട്'' ബുദ്ധറാമിനേക്കാൾ സീനിയറായി പാലാ സെന്റ് തോമസ് സ്‌കൂളിൽ പഠിച്ച മുൻകായികതാരം കൂടിയായ ജനമൈത്രി പൊലീസ് എ.എസ്.ഐ. ബിനോയി തോമസ് വേദനയോടെ പറഞ്ഞു.
ജൻമം കൊണ്ട് ഒഡീഷ സ്വദേശിയാണെങ്കിലും ബുദ്ധറാം അഞ്ചാം വയസ്സിൽ കേരളത്തിലേക്ക് വന്നതാണ്. പാലാ മുരിക്കുംപുഴയിലെ ഒരു വീട്ടിലായിരുന്നു താമസം. പാലാ സെന്റ് തോമസ് സ്‌കൂളിൽ വിദ്യാഭ്യാസം തുടങ്ങി. അവനിടെ വച്ച് കോച്ചായ വി.സി.ജോസഫിന്റെ ശിഷ്യഗണത്തിൽ ഉൾപ്പെട്ടു. തുടർന്ന് ജില്ലാ മീറ്റിലും സംസ്ഥാന സ്‌കൂൾ മീറ്റിലും ഹർഡിൽസിൽ ചാമ്പ്യൻഷിപ്പ് സ്വന്തമായി. 100 മീറ്റർ ലോംഗ്ജംപ്, പോൾവാൾട്ട് എന്നിവയിലും ഓൾറൗണ്ട് പ്രകടനം നടത്തിയ ഈ കായിക പ്രതിഭ ബാസ്‌ക്കറ്റ് ബോളിലും ജില്ലാ, സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തു.
പൊക്കം കുറവായിരുന്നതിനാൽ ഹർഡിൽസിൽ നിന്ന് പിന്നീട് ശ്രദ്ധ പോൾവാൾട്ടിലേക്കായി. പ്ലസ് ടുവിന് പഠിക്കവെ സ്‌കൂൾ മീറ്റിൽ പോൾവാൾട്ടിൽ സംസ്ഥാന നേട്ടവും ബുദ്ധറാമിനൊപ്പമായിരുന്നു.
''അവന് എന്തുപറ്റിയെന്നറിയില്ല. സാമ്പത്തികമായ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിൽ ഞങ്ങൾ സഹായിച്ചിരുന്നേനെ. അവന്റെ ആത്മഹത്യ ഉൾക്കൊള്ളാനാവുന്നില്ല.'' വി.സി.ജോസഫിന്റെ ശിഷ്യഗണ കൂട്ടായ്മയുടെ കൺവീനർകൂടിയായ ബിനോയ് തോമസ് പറഞ്ഞു. നെല്ലിയാനിയിലെ കിണറ്റിൽ ചാടി മരിച്ച ബുദ്ധറാമിന്റെ മൃതദേഹം പാലാ പൊതുശ്മശാനത്തിലാണ് സംസ്‌കരിച്ചത്.