പാലാ: നഗരത്തിൽ ടോറസ് ലോറിയുടെ ടയർ വൻസ്‌ഫോടന ശബ്ദത്തോടെ പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ ആഘാതത്തിൽ റോഡരികിൽ നിൽക്കുകയായിരുന്ന പൊലീസുകാരന് വീണ് പരിക്കേറ്രു. ഇന്നലെ ഉച്ചതിരിഞ്ഞ് 2 മണിയോടെ പാലാ കിഴതടിയൂർ റൗണ്ടാനയ്ക്ക് സമീപമായിരുന്നു അപകടം. തൊടുപുഴ റോഡിൽ നിന്ന് പാലാ ടൗണിലേക്ക് എം സാൻഡ് കയറ്റിവന്ന ടോറസ് ലോറിയുടെ ഇടതുവശത്തെ ടയറാണ് പൊട്ടിത്തെറിച്ചത്. റോഡരുകിൽ നിൽക്കുകയായിരുന്ന പാലാ ട്രാഫിക് പൊലീസുകാരനായ ശിവദാസനാണ് തെറിച്ച് വീണത്. റോഡരുകിൽ വച്ചിരുന്ന ബൈക്കിലേക്ക് കയറാൻ ശിവദാസൻ ശ്രമിക്കുന്നതിനിടെയായിരുന്നു വൻസ്‌ഫോടനത്തോടെ ടയർ പൊട്ടിത്തെറിച്ചത്. വീഴ്ചയിൽ ശിവദാസിന്റെ കാലിന് പരിക്കേറ്റു. കേൾവി ശക്തിക്ക് തകരാറും സംഭവിച്ചു. പൊലീസുകാരനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്രദ്ധമായ ഡ്രൈവിംഗിന് ലോറി ഡ്രൈവർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.