കടുത്തുരുത്തി:കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി കടുത്തുരുത്തിയിൽ സർവീസ് ആരംഭിച്ചു. ഇന്നലെ മന്ത്രി ആന്റണി രാജു ഗ്രാമവണ്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്താണ് പദ്ധതി നടപ്പാക്കാൻ നടപടി സ്വീകരിച്ചത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തും ആറ് ഗ്രാമപഞ്ചായത്തുകളും കൈകോർത്താണ് ഉൾപ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന ഗ്രാമ വണ്ടിക്ക് ആവശ്യമായ ഡീസൽ ചെലവ് കണ്ടെത്തുന്നത്.

വൈക്കം വെട്ടിക്കാട്ടുമുക്ക് വെള്ളൂർ മുളക്കുളം ഞീഴൂർ മരങ്ങോലി വാക്കാട് കുറവിലങ്ങാട് റൂട്ടിൽ ഒരു ബസ്സും വൈക്കം കോരിക്കൽ എഴുമാന്തുരുത്ത് കാപ്പുംതല ഐ എച്ച് ആർ ഡി കോളേജ് മരങ്ങോലി റൂട്ടിൽ രണ്ടാമത്തെ ബസ് സർവീസ് നടത്തും. ജില്ലയിൽ ആദ്യമായാണ് കെ.എസ്.ആർ.ടി.സി തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമവണ്ടി പദ്ധതി നടപ്പാക്കുന്നതെന്ന് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ പറഞ്ഞു.