
കോട്ടയം. അന്താരാഷ്ട്ര വിപണിയിൽ റബർവിലയിൽ നേരിയ വർദ്ധനവ് ഉണ്ടായിട്ടും ടയർ കമ്പനികളുടെ കളിയിൽ ആഭ്യന്തര വില കീഴോട്ട് തന്നെ. ആർ.എസ്.എസ് 5 ഇനം 145ലും ഒട്ടുപാൽ 96 രൂപയിലും ലാറ്റക്സ് 90ലും നിൽക്കുകയാണ് .
ചൂട് കനത്തതോടെ ഇലപൊഴിച്ചിൽ വ്യാപകമായി. ഉത്പാദനത്തിലും വലിയ കുറവുണ്ടായി. വരണ്ട കാലാവസ്ഥയിൽ വലിയ മാറ്റം ഉടൻ ഉണ്ടാകാനിടയില്ലാത്തത് ഷീറ്റ് ഉത്പാദനം കുറയ്ക്കും. ഇത് ഡിമാൻഡ് വർദ്ധിപ്പിക്കേണ്ടതാണെങ്കിലും വടക്കേ ഇന്ത്യൻ ടയർകമ്പനികളും വൻകിട വ്യാപാരികളും വിപണിയിൽ നിന്ന് മാറി നിന്ന് വില ഇടിക്കുകയാണ്. അന്താരാഷ്ട്ര വില എത്ര വർദ്ധിച്ചാലും കിലോയ്ക്ക് ഒന്നോ രണ്ടോ രൂപ മാത്രം കൂടുന്ന തരത്തിൽ ഇന്ത്യൻ വിപണിയിൽ പിടി മുറുക്കിയിരിക്കുകയാണ് ടയർലോബി.
ആർ.എസ്.എസ് 5: 145.
ഒട്ടുപാൽ: 96 രൂപ.
ലാറ്റക്സ്: 90 രൂപ.
നിലംപൊത്തി കുരുമുളക്.
പൂജ, ദീപാവലി സീസണിൽ കുരുമുളക് വില കുതിച്ചുയരുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി ക്വിന്റലിന് 300രൂപ ഇടിഞ്ഞത് കുരുമുളക് കർഷകരുടെ വയറ്റത്തടിച്ചു. ഉത്സവ സീസണിൽ വില ഉയർത്തി കേരളത്തിൽ നിന്ന് കുരുമുളക് ശേഖരിക്കാൻ ഉത്തരേന്ത്യൻ വ്യാപാരികൾ എത്താറുണ്ട്. വില കുറഞ്ഞ കുരുമുളക് ഉത്തരേന്ത്യയിൽ ലഭ്യമായതോടെ സംഘം ചേർന്നുള്ള അവരുടെ വരവ് ഇല്ലാതായി. ഇതോടെ ഒരു മാസത്തിനിടയിൽ 1000 രൂപയുടെ വിലയിടിവുണ്ടായി. ഗുണനിലവാരം കുറഞ്ഞ കുരുമുളക് വൻതോതിൽ ഇറക്കുമതി ചെയ്യുന്നതാണ് ഉത്തരേന്ത്യൻ വ്യാപാരികൾ വിപണിയിൽ നിന്ന് മാറി നിൽക്കാൻ കാരണം. എരിവ് കുറഞ്ഞ ഇറക്കുമതി കുരുമുളകിൽ നാടൻ കൂടി ഇടകലർത്തി ഉത്തരേന്ത്യയിൽ വിൽക്കുന്നതിനാൽ കേരളാ വിപണിയിലും വില ഇടിഞ്ഞു. എരിവ് കൂടിയ നാടനും ഇതോടെ ഡിമാൻഡ് ഇല്ലാതായി. മൂല്യവർദ്ധിത സുഗന്ധ ദ്രവ്യ ഉത്പന്നമാക്കി വിൽക്കാനാണ് കുരുമുളക് ഇറക്കുമതിക്ക് ലൈസൻസ് നൽകിയിട്ടുള്ളത്. ഇത് പരിശോധിക്കാൻ ബന്ധപ്പെട്ടവർ താത്പര്യം കാട്ടാത്തതിനാൽ ഇറക്കുമതി കുരുമുളക് മൂല്യവർദ്ധിത ഉത്പന്നമാക്കാതെ നേരിട്ട് വിപണിയിൽ എത്തുന്നു .ഈ സ്ഥിതി തുടർന്നാൽ കുരുമുളക് കൃഷി അവസാനിപ്പിക്കേണ്ടിവരുമെന്നാണ് കർഷകർ പറയുന്നത്.
റബർകർഷകനായ ജോയി തോമസ് പറയുന്നു.
ഇലപൊഴിച്ചിൽ വ്യാപകമായത് ഉത്പാദനത്തിൽ വലിയ കുറവ് വരുത്തി. പാൽ കുറയുന്ന ഗുരുതര സാഹചര്യം ഒന്നു രണ്ട് മാസത്തേക്ക് തുടർന്നാൽ വിലയും ഉത്പാദനവും ഇല്ലാതാകും. വിലയും ഇല്ല ,തറവില ഉയർത്താനുള്ള നീക്കവും ഇല്ല, സബ്സിഡി കുടിശികയും ഇല്ലാത്ത സ്ഥിതിയിൽ റബർ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകും.