കിടങ്ങൂർ: ഉപ്പുമാവ്, പുട്ട്, ഇഡ്ഡലി, ദോശ.. എല്ലാം തരാതരം പോലെ... കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഗവ. സ്‌കൂളുകളിലും വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണ വിതരണം തുടങ്ങി. കിടങ്ങൂർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭക്ഷണ വിതരണം ആരംഭിച്ചത്.
കിടങ്ങൂർ എൽ.പി.ബി സ്‌കൂൾ, പിറയാർ എൽ.പി.ബി സ്‌കൂൾ, കിടങ്ങൂർ സൗത്ത് എൽ.പി.ജി സ്‌കൂൾ, ചെമ്പിളാവ് ഗവ. യു.പി സ്‌കൂൾ എന്നിവടങ്ങളിലെ നാനൂറോളം കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
വാർഷിക പദ്ധതിയിൽ ആറ് ലക്ഷം രൂപയാണ് പഞ്ചായത്ത് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് ബോബിച്ചൻ കിക്കോലിൽ പറഞ്ഞു.
ആഴ്ചയിൽ അഞ്ച് ദിവസവും വിവിധയിനം ഭക്ഷണമാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രഭാത ഭക്ഷണ വിതരണത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം പിറയാർ ഗവ. എൽ.പി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഹേമ രാജു അദ്ധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സനൽകുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ തോമസ് മാളിയേക്കൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ദീപലത, മെമ്പർമാരായ മേഴ്‌സി ജോൺ മൂലക്കാട്ട്, അശോകൻ പൂതമന, ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബുമോൻ, മെമ്പർമാരായ റ്റീനാ മാളിയേക്കൽ, ലൈസമ്മ ജോർജ്ജ്, സുരേഷ് പി ജി, സെക്രട്ടറി രാജീവ് എസ്.കെ, സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീകല.എസ് എന്നിവർ പ്രസംഗിച്ചു.