പാലാ: നഗരത്തിൽ ഹൈന്ദവ സമൂഹത്തിന്റെ അഭിമാനസ്തംഭമാകാൻ അമ്പലപ്പുറത്തുകാവ് ശ്രീഭഗവതി ക്ഷേത്രമൊരുങ്ങുന്നു. നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രം പൊളിച്ച് ഇരട്ട ശ്രീകോവിലോടുകൂടി മനോഹരവുമാക്കാനുള്ള പദ്ധതിക്ക് രൂപം നൽകിയതായി ക്ഷേതോപദേശക സമിതി ഭാരവാഹികളായ പുത്തൂർ പരമേശ്വരൻ നായർ, അഡ്വ. രാജേഷ് പല്ലാട്ട്, നാരായണൻ കുട്ടി അരുൺനിവാസ് എന്നിവർ പറഞ്ഞു. നിലവിൽ ദുർഗാദേവിക്ക് പ്രാധാന്യമുള്ള ശ്രീകോവിലാണ് നിലനിൽക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ജോതിഷപണ്ഡിതൻ പറവൂർ ശ്രീധരൻ തന്ത്രിയും പിന്നീട് 2017 ൽ പത്മനാഭ ശർമ്മയും നടത്തിയ ദേവപ്രശ്‌നത്തിൽ ഇവിടെ ഭദ്രകാളിക്കുകൂടി തുല്യപ്രാധാന്യമുള്ള ശ്രീകോവിൽ നിർമ്മിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇപ്പോൾ ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയിലാണ് ഭദ്രകാളി പ്രതിഷ്ഠയുള്ളത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെ ഭദ്രകാളിക്കായിരുന്നു പ്രാധാന്യം. എന്നാൽ പിന്നീട് ഒരു ജനസമൂഹത്തിന്റെ ഭരണത്തിൽ ക്ഷേത്രമെത്തുകയും ദുർഗ്ഗയ്ക്ക് പ്രാധാന്യം നൽകുകയുമായിരുന്നു. വിശാലമായ ഇരട്ട ശ്രീകോവിലും ചുറ്റമ്പലവും നിർമ്മിക്കാൻ ഒരു കോടിയിൽപരം രൂപ ചിലവ് പ്രതീക്ഷിക്കുന്നു. ഇരട്ട ശ്രികോവിലുകൾക്ക് മാത്രമായി 60 ലക്ഷം രൂപ വേണ്ടിവരും.അടുത്ത നവരാത്രിക്ക് മുമ്പായി ക്ഷേത്ര സമർപ്പണ ചടങ്ങുകൾ നടത്താൻ കഴിയുമെന്നാണ് ക്ഷേതോപദേശക സമിതി ഭാരവാഹികളുടെ പ്രതീക്ഷ.