ഏറ്റുമാനൂർ- പൂഞ്ഞാർ ഹൈവേയിൽ മൂന്ന് മാസത്തിനിടെ 21 അപകടങ്ങൾ
പാലാ: ചോരപ്പുഴയൊഴുക്കാൻ ഒരു റോഡ്. അധികാരികളാകട്ടെ വെറും കാഴ്ചക്കാരും! ഏറ്റുമാനൂർ- പൂഞ്ഞാർ ഹൈവേയിൽ പാലായ്ക്കും ഏറ്റുമാനൂരിനും ഇടയിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ചെറുതും വലുതുമായ 21 അപകടങ്ങളാണ് ഈ റൂട്ടിൽ നടന്നത്. പാലാ കിടങ്ങൂർ പൊലീസ് സ്‌റ്റേഷനുകളുടെ പരിധിയിലാണ് ഈ അപകടപരമ്പര.
ഇന്നലെ കിടങ്ങൂരിൽ വീട്ടമ്മ ബസ് തട്ടി മരിച്ച സംഭവമാണ് ഒടുവിലത്തേത്. ഈ അപകടത്തിന്റെ ഞെട്ടൽ മാറും മുമ്പേ ചേർപ്പുങ്കൽ ഇന്ത്യാർ ഫാക്ടറിക്ക് സമീപം നിർത്തിയിട്ട ബസിനടിയിലേക്ക് ബൈക്ക് പാഞ്ഞുകയറി രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. ഭാഗ്യംകൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം ഹൈവേ ജംഗ്ഷനിൽ അമിത വേഗതയിലെത്തിയ ബൈക്ക് കാറിലും ഡിവൈഡറിലും ഇടിച്ച് തലകുത്തി മറിഞ്ഞ സംഭവമുണ്ടായി. ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരുക്കേറ്റു.
ഹൈവേയുടെ ഭാഗമായ പുലിയന്നൂർ ജംഗ്ഷനിൽ ഒരുമാസം മുമ്പ് ഒരേ ദിവസമുണ്ടായ രണ്ട് അപകടങ്ങളിൽ രണ്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
വീതിയും മിനുസവുമുള്ള ഹൈവേയിൽ വാഹനങ്ങളുടെ അമിതവേഗതയും ഡ്രൈവർമാരുടെ അശ്രദ്ധയുമാണ് പല അപകടങ്ങൾക്കും കാരണം. നിയമപാലകർ പലപ്പോഴും ഹൈവേ പട്രോളിങ് നടത്താറുണ്ടെങ്കിലും അമിതവേഗതയിൽ പോകുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
മത്സരയോട്ടം പതിവാണ്
ഈ റൂട്ടിൽ സ്വകാര്യബസുകളുടെ മത്സരയോട്ടവും പതിവാണ്. കാൽനട യാത്രക്കാർക്കാണ് ഏറ്റവുമധികം ബുദ്ധിമുട്ട്. ജീവൻ കൈയിൽ പിടിച്ചാണ് റോഡ് ഒന്ന് കുറുകെ കടക്കുന്നത്. സദാസമയവും തലങ്ങുംവിലങ്ങും വാഹനങ്ങൾ ചീറിപ്പായുകയാണ്. മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന കാര്യക്ഷമമല്ലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. പാലായിൽ അടുത്തിടെ ഗതാഗത ഉപദേശക സമിതി യോഗം ചേർന്നെങ്കിലും ഇതിലെടുത്ത തീരുമാനങ്ങളും നടപ്പിലായിട്ടില്ല.