manju
ദക്ഷിണ മേഖല ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്‌കീം മികച്ച പ്രോഗ്രാം ഓഫീസറായി തിരഞ്ഞെടുത്ത വൈക്കം ആശ്രമം സ്‌കൂൾ അദ്ധ്യാപിക മഞ്ജു എസ്.നായർ

വൈക്കം : സാമുഹ്യ പ്രതിബദ്ധതയ്ക്കും അർപ്പണബോധത്തിനും അംഗീകാരം. 2021-22 അദ്ധ്യയന വർഷത്തെ നാഷണൽ സർവീസ് സ്‌കീം ദക്ഷിണമേഖല അവാർഡ് വൈക്കം എസ്.എം.എസ്.എൻ ഹയർ സെക്കന്ററി സ്‌കൂൾ (ആശ്രമം) കരസ്ഥമാക്കി. സ്‌കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മഞ്ജു.എസ്.നായർ ദക്ഷിണമേഖലയിലെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായും തിരഞ്ഞെടുക്കപ്പെട്ടു. സ്‌കൂളിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ എൻ.എസ്.എസ് സ്‌നേഹഭവനം പദ്ധതിയിൽ രണ്ട് നിർദ്ധന കുടുംബങ്ങൾക്ക് വീട് വെച്ചുനൽകിയത് ഏറെ പ്രശംസ നേടിയിരുന്നു. സ്‌കൂൾ വളപ്പിലും തലയാഴം പഞ്ചായത്തിലുമായി വിപുലമായ പച്ചക്കറി കൃഷി, നെൽകൃഷി, മത്സ്യകൃഷി എന്നിവയ്ക്കും ആശ്രമം സ്‌കൂൾ എൻ.എസ്.എസ് യൂണി​റ്റ് നേതൃത്വം നൽകി. കൂട്ടിക്കൽ പ്രകൃതി ദുരന്തം ഉണ്ടായപ്പോൾ ആശ്രമം സ്‌കൂൾ എൻ.എസ്.എസ് യൂണി​റ്റിന്റെ വോളന്റിയർമാർ സഹായഹസ്തവുമായി എത്തിയിരുന്നു. കൊവിഡ് രൂക്ഷമായ സമയത്ത് വൈക്കം സി.എഫ്.എൽ.ടി.സി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ അറുപതിനായിരത്തിൽപരം രൂപയുടെ കൊവിഡ് പ്രതിരോധസാമഗ്രികൾ വിതരണം ചെയ്തും സന്നദ്ധപ്രവർത്തകർക്ക് ഭക്ഷണവും കുടിവെള്ളവുമെത്തിച്ചും ആശ്രമം എൻ.എസ്.എസ് യൂണി​റ്റ് മാതൃകയായിരുന്നു. അവാർഡ് നേടിയ സ്‌കൂൾ എൻ.എസ്.എസ് യൂണി​റ്റ് പ്രവർത്തകരെ സ്‌കൂൾ മാനേജരും എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റുമായ പി.വി ബിനേഷ് അനുമോദിച്ചു.