കോട്ടയം : ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കൊയ്ത്ത് ആരംഭിക്കാനിരിക്കെ കൊയ്ത്ത് യന്ത്രങ്ങൾക്കായി കർഷകർ നെട്ടോട്ടമോടുന്നു. സർക്കാരിന്റെ കൊയ്ത്തു യന്ത്രങ്ങൾ തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലായിരിക്കുമ്പോഴാണ് കർഷകർക്ക് ഈ ദുർഗതി. വൈക്കത്ത് സ്ഥിതിചെയ്യുന്ന കേരള അഗ്രോ ഇൻഡസ്ട്രീസിന്റെ ഓഫീസ് പരിസരത്ത് 30 ഓളം യന്ത്രങ്ങളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. അഗ്രോയിൽ നിന്നുള്ള യന്ത്രങ്ങൾക്ക് മണിക്കൂറിന് 800 രൂപയായിരുന്നു ഈടാക്കിയിരുന്നത്. എന്നാൽ, മെഷീൻ പാടശേഖരത്തേക്ക് എത്തിക്കുന്നതിന്റെയും, പാടശേഖരത്തെ ചേറ്റിലിറങ്ങി മെഷീന് എന്തെങ്കിലും തകരാർ സംഭവിച്ചാലോ ചെലവ് കർഷകർ വഹിക്കേണ്ട സ്ഥിതിയായിരുന്നു. അഗ്രോയിൽനിന്ന് മെഷീനുകൾ സ്വകാര്യ ലോബികൾക്ക് വാടകയ്ക്ക് കൊടുക്കുകയും അവർ യന്ത്രത്തിന്റെ പാർട്സുകൾ അഴിച്ചുമാറ്റുകയും ചെയ്യുന്നെന്ന ആക്ഷേപവും ഉയരുന്നു.
കൃഷിവകുപ്പിന്റെ മെയിന്റനൻസ് എൻജിനിയറിംഗ് വിഭാഗമാണ് മെഷീനുകൾ തകരാറിലായാൽ അറ്റകുറ്റപ്പണിക്കുള്ള തുക കണ്ടെത്തി കൊടുക്കേണ്ടത്. എന്നാൽ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതാണ് മെഷീനുകൾ തുരുമ്പെടുക്കാൻ കാരണം. സർക്കാരിൽനിന്ന് ഫണ്ട് ലഭിക്കുന്നില്ലെന്നാണ് അഗ്രോ ഉദ്യോഗസ്ഥർ പറയുന്നത്.
ആശ്രയം അന്യസംസ്ഥാനം, വാടക താങ്ങില്ല
അഗ്രോയുടെ മെഷീനുകൾ തുരുമ്പെടുത്തതോടെ തമിഴ്‌നാട് തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽനിന്ന് 2000 മുതൽ മണിക്കൂറിന് വാടകയ്ക്ക് എടുത്ത് കൊയ്ത്തു നടത്തേണ്ട സ്ഥിതിയാണ് കർഷകന്. സ്വകാര്യ ലോബിയെ സഹായിക്കാൻ ഉദ്യോഗസ്ഥർ നടത്തുന്ന നീക്കമാണ് പ്രതിസന്ധിയ്ക്ക് കാരണമെന്ന് കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു. അഗ്രോയുടെ കീഴിലുള്ള 6 കൊയ്ത്തുമെതി യന്ത്രങ്ങൾ പ്രവർത്തന ക്ഷമമാണെന്ന് ജില്ലാ കൃഷി ഓഫീസർ പറഞ്ഞു.
കോട്ടയം നഗരസഭയിലുമുണ്ട് യന്ത്രം, പക്ഷെ
കോട്ടയം നഗരസഭയുടെ രണ്ട് കൊയ്ത്തുമെതി യന്ത്രങ്ങളും കാടുപിടിച്ച് ഉപയോഗശൂന്യമായി നശിക്കുകയാണ്. കോട്ടയം അഗ്രി എൻജിനിയറുടെ പക്കലുള്ള 21 കൊയ്ത്തു യന്ത്രങ്ങളിൽ 11 എണ്ണം മാത്രമാണ് പ്രവർത്തനക്ഷമമായിട്ടുള്ളത്.