മുണ്ടക്കയം: മുന്നിലേക്ക് ഒരു കാട്ടുമൃഗമെത്തിയാൽ ഒന്ന് ഓടിമാറാൻ പോലും കഴിയില്ല. പാറകഷണങ്ങൾ നിറഞ്ഞ റോഡിൽ അടിതെറ്റിവീഴുമെന്ന കാര്യം ഉറപ്പ്. ഒരു വശത്ത് കാട്ടാനപേടി. മറുവശത്ത് തകർന്നുതരിപ്പണമായ പാത. ആകെ തകർന്ന മഞ്ഞളരുവി പാക്കാനം റോഡിനെ അധികാരികൾ കൈവിട്ടപോലെ യാത്രക്കാരും കൈയൊഴിയുകയാണ്. പാക്കാനം മുണ്ടക്കയത്തിനും, എരുമേലിക്കും ഇടയിൽ പുഞ്ചവയൽ റൂട്ടിൽ ഇരു പഞ്ചായത്തുകളുടെയും അതിർത്തി പങ്കിടുന്ന ഗ്രാമമാണ് പാക്കാനം. വനം അതിർത്തി മേഖലയായ ഇവിടേക്കുള്ള യാത്ര ബാലികേറാമലയാണ്. മുണ്ടക്കയം പുഞ്ചവയലിനു സമീപമെങ്കിലും എരുമേലി പഞ്ചായത്ത് പ്രദേശം കൂടുതലായുള്ള മേഖലയാണ് മഞ്ഞളരുവി പാക്കാനം റോഡ്. പുഞ്ചവയലിൽ നിന്നും അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ മുണ്ടക്കയം എരുമേലി റൂട്ടിലെ മഞ്ഞളരുവിയിൽ എത്താൻ കഴിയും. ഇതിൽ 3 കിലോമീറ്റർ റോഡ് വനപാതയാണ്. ചുറ്റിനും കാട് നിറഞ്ഞ റോഡ് മെറ്റിലുകൾ ഇളകി സഞ്ചാരയോഗ്യമല്ലാതായി. കാട്ടാന ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ശല്യം മുൻപ് ഉണ്ടായിരുന്നതിനാൽ പകൽസമയത്ത് പോലും ആളുകൾ ഇതുവഴിയുള്ള യാത്ര ഒഴിവാക്കുകയാണ്. റോഡ് നിർമ്മിക്കാൻ പല പദ്ധതികൾ കൊണ്ടുവന്നെങ്കിലും ഒന്നും നടപ്പായിട്ടില്ല. മൂന്നു കിലോമീറ്റർ റോഡാണ് പൂർണമായും തകർന്ന് കിടക്കുന്നത്. ശേഷിച്ച ഭാഗം കുഴികൾ നിറഞ്ഞ അവസ്ഥയിലും.
ഇരട്ടിദുരതം
എരുമേലിയിൽ നിന്നും പാക്കാനത്തേക്ക് യാത്ര ചെയ്യുന്നവർ ഇപ്പോൾ പുലിക്കുന്ന് കവല വഴി കിലോമീറ്ററുകൾ അധികം ചുറ്റിയാണ് എത്തുന്നത്.
പുഞ്ചവയലിൽ നിന്നും എരുമേലിക്കുള്ള മഞ്ഞളരുവി റോഡിന്റെ നിർമ്മാണവും നടക്കാത്തത് പ്രദേശത്തെ വികസനത്തെ പോലും സാരമായി ബാധിച്ചിട്ടുണ്ട്.