ഏറ്റുമാനൂർ :നാടിന്റെ വികസനം അതിന്റെ പൂർണ്ണ അർത്ഥത്തിൽ എത്തിച്ചേരണമെങ്കിൽ കാർഷികമേഖല പുരോഗതി കൈവരിക്കണമെന്ന് സാംസ്‌കാരിക സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. കർഷകസംഘം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഏറ്റുമാനൂരിൽ സംഘടിപ്പിച്ച കന്നുകാലി പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കർഷകസംഘം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ.എം.ടി ജോസഫ് അദ്ധ്യക്ഷനായിരുന്നു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം ആർ.നരേന്ദ്രനാഥ്, ജില്ല ജോയിൻ സെക്രട്ടറി എം.എസ് സാനു, ജില്ല സെക്രട്ടറി കെ.എം രാധാകൃഷ്ണൻ, സംഘാടക സമിതി ചെയർമാൻ കെ.ജയകൃഷ്ണൻ, സി.പി.എം ഏരിയ സെക്രട്ടറി ബാബു ജോർജ്ജ് ,കർഷക സംഘം ഏരിയ പ്രസിഡന്റ് രതീഷ് രത്‌നാകരൻ ,ഇ എസ് ബിജു, ഗീത ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഏഷ്യയിലെ തന്നെ ഭീമൻ പോത്തുകളായ കമാൻഡോ, അങ്കിത് എന്നിവയെ ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ മേളയിലേയ്ക്ക് എത്തിച്ചു.22 ജനുസിൽപ്പെട്ട പശുക്കൾ വിവിധയിനം ആടുകൾ , പഴയകാല കാർഷിക ഉപകരണങ്ങൾ, കാർഷിക ഉത്പന്നങ്ങളുടെ സ്റ്റാളുകൾ
എന്നിവ പ്രദർശനത്തിന് മാറ്റേകി.