തലയോലപ്പറമ്പ് : സംസ്ഥാന ടൂറിസം വകുപ്പ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി ആർട്ട് സ്ട്രീറ്റ് തയ്യാറാക്കുന്നതിന്റെ മുന്നാംഘട്ട പ്രവർത്തനം ആരംഭിച്ചു. ഇന്ത്യയിലെ വിവിധ കാമ്പസുകളിൽ നിന്നും വിവിധ പ്രദേശങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കലാപ്രവർത്തകർ ചേർന്നാണ് കുലശേഖരമംഗലം കൂട്ടുമ്മേൽ മുതൽ മൂഴിക്കൽ വരെയുള്ള ഭാഗത്ത് ആർട്ട് സ്ട്രീറ്റ് തയ്യാറാക്കുന്നത്. തദ്ദേശവാസികളുടെ ചുറ്റുമതിലിൽ അവർ പെയിന്റ് വാങ്ങി നൽകിയാൽ സൗജന്യമായി ആർട്ട് സ്ട്രീറ്റ് തയ്യാറാക്കും. ക്യാപ്റ്റൻസ് സോഷ്യൽ ഫൗണ്ടേഷൻ ആണ് കുലശേഖരമംഗലത്ത് ആർട്ട് സ്ട്രീറ്റ് ഒരുക്കുന്നത്.

നാട്ടുപക്ഷികൾ, ചിത്രശലഭങ്ങൾ, മറവൻതുരുത്തിന്റെ പഴയകാല ചരിത്രം, ആറ്റുവേലയും തീയാട്ടും ഗരുഡൻ തൂക്കവും ഉൾപ്പെടെയുള്ള ഉത്സവങ്ങൾ, കള്ള് ചെത്തും ഓലമെടയലും വലവീശലും അടക്കമുള്ള പരമ്പരാഗത തൊഴിലുകൾ എന്നിങ്ങനെ മറവൻതുരുത്തിന്റെ ടൂറിസം റിസോഴ്‌സ് ഡയറക്ടറിയിൽ ജനകീയമായി കണ്ടെത്തി അടയാളപ്പെടുത്തിയ വിവിധ പ്രവർത്തനങ്ങളാണ് വരക്കുന്നത്. ടൂറിസം മേഖലയിൽ ജനകീയ ബദലുകൾ സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ജനകീയമായി ആർട്ട് സ്ട്രീറ്റ് തയ്യാറാക്കുന്ന പ്രവർത്തനം മറവൻതുരുത്തിൽ ആരംഭിച്ചതെന്ന് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ-ഓർഡിനേറ്റർ കെ.രൂപേഷ് കുമാർ പറഞ്ഞു.