പാലാ: മാലിന്യം തള്ളും, അതും നടുറോഡിൽ. പരിസരവാസികൾക്കും യാത്രക്കാർക്കുമൊക്കെ ബുദ്ധിമുട്ട് സൃഷ്ടിച്ച് വഴിവക്കിൽ മാലിന്യം തള്ളുന്നവരുടെ എണ്ണം ഓരോ ദിവസവും ഏറുകയാണ്. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയാലും കാര്യമായ പ്രയോജനമൊന്നുമില്ലെന്നാണ് ആക്ഷേപം.
പക്ഷേ പൊലീസിനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. നാടൊട്ടാകെ സിസിടിവി കാമറകൾ ഉണ്ടെങ്കിലും ഇതെല്ലാം സ്വന്തം വീട്ടുമുറ്റത്തേക്ക് മാത്രമായി പലരും പരിമിതപ്പെടുത്തിയപ്പോൾ റോഡിലൂടെ മാലിന്യം നിറച്ച വാഹനങ്ങൾ പോകുന്നത് കണ്ടെത്താൻ പൊലീസിനും ബുദ്ധിമുട്ടുണ്ട്. ശനിയാഴ്ച അർദ്ധരാത്രി രാമപുരം ചക്കാമ്പുഴ പാലാ റൂട്ടിൽ ചക്കാമ്പുഴ നിരപ്പ് ഭാഗത്താണ് ഒരു ലോറി നിറയെ മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളിയിട്ടുള്ളത്. ചക്കാമ്പുഴ നിരപ്പ് പുളിക്കൽപടവിൽ റോഡ് തുടങ്ങുന്നിടത്താണ് ഈ മാലിന്യക്കൂന. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും ഇവിടെ കൂനകൂട്ടിയിട്ടിരിക്കുകയാണ്. ചക്കാമ്പുഴ റോഡിലെ മാലിന്യം തള്ളൽ സംബന്ധിച്ച് പൊതുപ്രവർത്തകനായ കുരിശുംമൂട്ടിൽ ഓസ്റ്റിൻ ജോസഫ് രാമപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അടുത്തകാലത്തായി പാലാ, മരങ്ങാട്, പൈക, ഈരാറ്റുപേട്ട റോഡുവക്ക് എന്നിവിടങ്ങളിലൊക്കെ വൻതോതിൽ മാലിന്യം തള്ളിയിരുന്നു. ചൂണ്ടച്ചേരി ഭാഗത്ത് അടുത്തകാലത്തായി മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ കൈയൊടെ പിടികൂടിയിരുന്നു. പാലാ ടൗണിൽ കിഴതടിയൂർ ബൈപാസിലുംഅടുത്തകാലത്ത് മാലിന്യം തള്ളിയിരുന്നു.
നിയമനടപടി സ്വീകരിക്കണം
പൊതുഇടങ്ങളിൽ യാത്രക്കാർക്കും ജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നിയമപാലകരും തയാറാകണമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകുമെന്നും ജോയി പറഞ്ഞു.