കോട്ടയം : മനുഷ്യമനസ് നന്നാക്കാനുള്ള ദർശനമാണ് ഗുരു നൽകിയതെന്ന് എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ ശ്രീനാരായണ ധർമ്മപഠനകേന്ദ്രം പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. ഗുരുദർശനങ്ങൾ നാം പ്രചരിപ്പിക്കേണ്ട സമയം അതിക്രമിച്ചു. ഗുരുകൃതികളിലൂടെ സഞ്ചരിച്ച് ഗുരു സാക്ഷാൽ പരബ്രഹ്മമാണെന്ന് തിരിച്ചറിയണം. ഈ ദർശനങ്ങൾ വരും തലമുറയെ പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ടവരാണ് നാമെന്നും ശ്രീനാരായണ ധർമ്മത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കണമെന്നും പ്രീതി നടേശൻ പറഞ്ഞു. നാഗമ്പടം ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിച്ചു.
പഠനകേന്ദ്രം ആചാര്യൻ സ്വാമി പ്രബോധ തീർത്ഥ അനുഗ്രഹപ്രഭാഷണം നടത്തി. യോഗം കൗൺസിലർ എ.ജി തങ്കപ്പൻ മുഖ്യപ്രസംഗം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി പഠനകേന്ദ്രത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ചു. പഠനകേന്ദ്രം കോ ഓർഡിനേറ്റർ എ.ബി പ്രസാദ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി ആർ.രാജീവ് സ്വാഗതവും സീനിയർ പഠിതാവ് രാജീവ് കൂരോപ്പട നന്ദിയും അറിയിച്ചു. യൂണിയൻ പ്രസിഡന്റ് എം.മധു പ്രീതി നടേശന് സ്നേഹോപഹാരം സമർപ്പിച്ചു. അനന്യ. കെ. സന്തോഷിന്റെ കവിതാ സമാഹാരമായ ഈഗിൾ വിത്തൗട്ട് വിംഗ്സ്, പ്രീതി നടേശൻ എ.ജി തങ്കപ്പന് നൽകി പ്രകാശനം ചെയ്തു. ഗുരുസ്മൃതി ഗ്ലോബൽ പ്രവർത്തകരായ ശ്രീജേഷ്, സിജു എന്നിവർ ചേർന്ന് ശ്രദ്ധ ക്ഷണിക്കൽ പ്രമേയം പ്രീതി നടേശന് നൽകി. അഡ്വ. കെ.എ പ്രസാദ്, സാബു.ഡി. ഇല്ലിക്കളം, സജീഷ് മണലേൽ, വിനോദ്, സുഷമ്മ മോനപ്പൻ, ഇന്ദിരാ രാജപ്പൻ, ശ്യാമള വിജയൻ, ഷീല മോഹനൻ, രഞ്ജിത്ത് മറിയപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ഞായറാഴ്ചകളിൽ 1.30 മുതൽ 4.30 വരെയാണ് ക്ലാസുകൾ.