manimala-aaru

മുണ്ടക്കയം. കാലാവസ്ഥാ വ്യതിയാനംമൂലം അനുഭവപ്പെടുന്ന കനത്തചൂടിൽ മണിമലയാറ്റിലെ നീരൊഴുക്ക് ഗണ്യമായി കുറയുന്നത് ആശങ്കയ്ക്കിടയാകുന്നു. ആഴ്ചകൾക്ക് മുൻപ് പെയ്ത കനത്തമഴയിൽ പ്രളയഭീതിയിലായ ജലാശയങ്ങളാണ് വരണ്ടുതുടങ്ങിയത്. നേരത്തെ മണിമലയാറ്റിലെ കോസ്‌വേ പാലത്തിന് മുകളിൽകയറി ഒഴുകിയ വെള്ളം പ്രദേശവാസികളെ മറ്റൊരു പ്രളയഭീതിയിലേക്ക് എത്തിച്ചിരുന്നു. പിന്നീട് തുടർച്ചയായി മഴ മാറി നിന്നതോടെയാണ് മണിമലയാറ്റിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞത്.
മിക്കയിടത്തും മണൽത്തിട്ടകൾ തെളിഞ്ഞു. നദിയുടെ മദ്ധ്യത്തിലൂടെ മാത്രമാണ് വെള്ളം ഒഴുകുന്നത്. ആറ്റിൽ നിരവധി ചെറിയ തുരുത്തുകളും ദൃശ്യമായിത്തുടങ്ങി. സമീപത്തെ കിണറുകളും കുളങ്ങളും അടക്കമുള്ള ജലാശയങ്ങളിലും ജലനിരപ്പ് കുറഞ്ഞു. രണ്ടുദിവസമായി മഴ പെയ്യുന്നുണ്ടെങ്കിലും നീരൊഴുക്കിൽ വലിയ വർദ്ധനയില്ല. ആറ്റിൽ നിർമിച്ച കിണറ്റിൽനിന്നാണ് ജല അതോറിറ്റി ടൗണിലടക്കം ശുദ്ധജലം വിതരണംചെയ്യുന്നത്. നിലവിലുള്ള സാഹചര്യത്തിൽ വേനൽകാലത്തിനു മുമ്പേതന്നെ പ്രദേശത്ത് രൂക്ഷമായ ജലക്ഷാമം ഉണ്ടാകുമെന്ന് പ്രദേശവാസികൾ ഭയക്കുന്നു.

മണ്ണും ചെളിയും നീക്കും.
കാലവർഷത്തിൽ എക്കലും ചെളിയും അടിയുന്നതോടെ പുഴയുടെ സംഭരണശേഷി കുറയുന്നതാണ് നിലവിലുള്ള പ്രശ്നത്തിന് കാരണം. കഴിഞ്ഞ പ്രളയത്തിനുശേഷം പഞ്ചായത്ത് ഇത്തരത്തിൽ അടിഞ്ഞ മണ്ണും ചെളിയും നീക്കം ചെയ്തിരുന്നു. ഈ വർഷവും ഇത്തരം നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.