പാലാ : പാലാ - ചക്കാമ്പുഴ രാമപുരം റൂട്ടിലെ ചക്കാമ്പുഴ നിരപ്പിന് സമീപം ഇന്നലെ മാലിന്യം തള്ളിയത് പത്തനംതിട്ടയിൽ നിന്നെത്തിയ വാഹനമാണെന്ന് സൂചന. മാലിന്യത്തിനിടയിൽ നിന്ന് കിട്ടിയ ചില രസീതുകളിലെ വിലാസം പത്തനംതിട്ട ജില്ലയിലേതാണ്. സംഭവത്തെക്കുറിച്ച് രാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് ഒരു ലോറി നിറയെ മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളിയത്. പുളിക്കൽപടവിൽ റോഡ് തുടങ്ങുന്നിടത്താന് ഈ മാലിന്യക്കൂന. ഇന്നലെ ഇത് സംബന്ധിച്ച് ''കേരളകൗമുദി'' റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് സണ്ണി പൊരുക്കോട്ട്, മെമ്പർ ആന്റണി മാത്യു, സെക്രട്ടറി മാർട്ടിൻ ജോസഫ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. മാലിന്യത്തിനിടയിൽ നിന്നുള്ള ചില രസീതുകൾ പഞ്ചായത്ത് അധികൃതർ കണ്ടെത്തി. ഈ തെളിവുകൾ പൊലീസിന് കൈമാറുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് പറഞ്ഞു. എത്രയും വേഗം പ്രതികളെ പിടികൂടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. സ്ഥലവാസികളായ ജോർജ്ജ് കുരിശുംമൂട്ടിൽ, ചാർളി കുരിശുംമൂട്ടിൽ എന്നിവരും പഞ്ചായത്ത് അധികാരികൾക്കൊപ്പമുണ്ടായിരുന്നു. ചക്കാമ്പുഴ റോഡിലെ മാലിന്യം തള്ളൽ സംബന്ധിച്ച് പൊതുപ്രവർത്തകനായ കുരിശുംമൂട്ടിൽ ഓസ്റ്റിൻ ജോസഫ് പൊലീസിൽ പരാതി നൽകിയിരുന്നു.