flesh

കോട്ടയം. ഉത്സവകാലം അല്ലാതിരുന്നിട്ടും ഇറച്ചിയുടെയും മീനിന്റെയും വില ഉയർന്നുതന്നെ. ഇറച്ചിക്കോഴിക്ക് അനുദിനം വില വർദ്ധിക്കുന്ന സ്ഥിതിയാണ്. ഒരാഴ്ചയ്ക്കിടെ 30 രൂപയുടെ വർദ്ധനയാണുണ്ടായത്. ഇന്ന് വിപണിയിൽ 135 രൂപയാണ് ഇറച്ചിക്കോഴിക്ക് വില. ആഴ്ചകൾക്ക് മുമ്പ് 98 രൂപയുണ്ടായിരുന്നത് പിന്നീട് 129 രൂപയായി ഉയർന്നിരുന്നു. ഇന്നലെ വീണ്ടും 135 ലേക്ക് എത്തി. ഇറച്ചിക്കോഴികളുടെ ലഭ്യത കുറഞ്ഞതാണ് വില വർദ്ധിക്കാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നത്. ജില്ലയിൽ തമിഴ്‌നാട്ടിൽനിന്ന് കൂടുതലായി ഇറച്ചിക്കോഴികളെ കൊണ്ടുവരുന്നുണ്ട്. കൂടാതെ പാലാ അടക്കമുള്ളയിടങ്ങളിൽ പ്രവർത്തിക്കുന്ന ഫാമുകളിൽനിന്നും വിൽപ്പനയ്ക്ക് എത്തിക്കുന്നു. എന്നിട്ടും വിലയിൽ കുറവില്ല. നാടൻ കോഴിക്കും പൊള്ളുന്ന വിലയാണ് 200 രൂപയാണ് കിലോയ്ക്ക് വില.

ട്രോളിംഗ് നിരോധനം നീക്കിയതോടെ മത്തി, അയല അടക്കമുള്ള മീനുകളുടെ വിലയിൽ കുറവ് ഉണ്ടായിട്ടുണ്ട്. മത്തി കിലോ 100 രൂപയാണ് . അയല 120 രൂപയും. എന്നാൽ വലിയ മീനുകളുടെ വില മാറ്റമില്ലാതെ തുടരുന്നു. കേര, 260, മോത 320, വറ്റ 360 എന്നിങ്ങനെയാണ് വിപണിവില. മറ്റ് ഇറച്ചികളും നിരവധി ഉപോത്പന്നങ്ങളും ഇവിടെ ലഭ്യമാണ്.

മീറ്റ് പ്രോഡക്ട് ഒഫ് ഇന്ത്യ (എം.പി.ഐ) വില ഇപ്രകാരം.

കോഴി കിലോ 129 രൂപ

പോത്തിറച്ചി 399 രൂപ

പന്നിയിറച്ചി 290 രൂപ

ആട്ടിറച്ചി 870 രൂപ.

താറാവ് 380 രൂപ.

നാടൻ കോഴി 380 രൂപ.

കോ‌ടിമത സ്വദേശി കുഞ്ഞുമോൾ പറയുന്നു.

ഇറച്ചിക്കും, മീനിനും അടിക്കടിയുണ്ടാകുന്ന വില വർദ്ധനവിന് തടയിടാൻ സർക്കാർ ഇടപെടൽ ഉണ്ടാകണം.