കോട്ടയം : ഒരിറ്റ് വെള്ളത്തിനായി കീഴിക്കുന്ന് നിവാസികളുടെ കാത്തിരിപ്പ് തുടരുന്നു. നഗരത്തിനോട് ചേർന്നു കിടക്കുന്ന നഗരസഭയിലെ 14 -ാം വാർഡിൽ എ.ആർ ക്യാമ്പിന് സമീപമുള്ള ഇവിടെ വെള്ളം ലഭിച്ചിട്ട് രണ്ടാഴ്ചയായി. ഒന്നരമാസം മുൻപ് വെള്ളം മുടങ്ങിയ പൊതു പൈപ്പിൽ പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് രണ്ട് ദിവസം വെള്ളമെത്തിയെങ്കിലും പിന്നീട് നിലച്ചു. അധികൃതർക്ക് നിരവധി പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാതിരുന്നതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ പൈപ്പിൻ ചുവട്ടിൽ പുഷ്പങ്ങൾ സമർപ്പിച്ച് ചരമദിനാചരണമായി പ്രതിഷേധിച്ചിരുന്നു. ഗുരുമന്ദിരം, എ.ആർ ക്യാമ്പ്, കീഴിക്കുന്ന് എന്നിവിടങ്ങളിലേയ്ക്കായി വാട്ടർ അതോറിറ്റിയുടെ മൂന്ന് പൈപ്പ് ലൈനുകളാണ് കടന്നു പോകുന്നത്. ഇതിൽ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന കീഴിക്കുന്ന് നിവാസികൾക്കാണ് വെള്ളം ലഭിക്കാത്തത്. അതേസമയം മറ്റ് രണ്ട് പൈപ്പ് ലൈനിലും വെള്ളം എത്തുന്നുണ്ട്. പ്രദേശത്തെ 16 ഓളം വീടുകളാണ് കുടിവെള്ളത്തിനും മറ്റ് പ്രാഥമികാവശ്യങ്ങൾക്കുമായി ദുരിതം അനുഭവിക്കുന്നത്. മാസത്തിൽ വല്ലപ്പോഴും മാത്രമാണ് നഗരസഭയുടെ വെള്ളം എത്തുന്നത്. പ്രദേശത്ത് ഒരു വീട്ടിൽ മാത്രമാണ് കിണറുള്ളത്. ഇവിടെ നിന്ന് നിലവിൽ വെള്ളം ചുമന്നും വാഹനത്തിൽ എത്തിച്ചുമാണ് ആഹാരം പാകം ചെയ്യുന്നതിനും മറ്റുമായി ഉപയോഗിക്കുന്നത്. വട്ടമൂട് ഭാഗത്തെ ആറ്റിൽ വാഹനത്തിൽ പോയാണ് വസ്ത്രങ്ങളും മറ്റും കഴുകിയെടുക്കുന്നതെന്ന് പ്രദേശവാസിയായ ശാന്ത പറഞ്ഞു. വാർഡ് കൗൺസിലറോടും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരോടും പരാതി അറിയിച്ചെങ്കിലും ഫലംകണ്ടില്ല. വെള്ളം പമ്പ് ചെയ്യുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനാണ് പ്രദേശത്ത് കൂടെ കടന്നു പോകുന്നത്. അതിനാൽ, കൂടുതൽ ഫോഴ്‌സിൽ വെള്ളം പമ്പ് ചെയ്യാൻ സാധിക്കില്ലെന്നാണ് അധികൃതരുടെ മറുപടി. മറ്റ് രണ്ട് പൈപ്പ് ലൈനുകളിലൂടെ ഒന്നിടവിട്ട് വെള്ളം പമ്പ് ചെയ്യണമെന്നാണ് ആവശ്യം.