പാലാ : നഗരസഭാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിന്റെ കേടുപാടുകൾ അടിയന്തിരമായി പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ ആന്റോ ജോസ് പറഞ്ഞു. ട്രാക്ക് പൊളിഞ്ഞതുൾപ്പെടെയുള്ള തകരാറുകൾ പരിഹരിക്കുന്നതിന് നിലവിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച് നഗരസഭയ്ക്ക് നേരിട്ട് ചെയ്യാൻ കഴിയില്ല. ഇതിനായി വിവിധ തലങ്ങളിൽ നിന്ന് ഫണ്ട് ലഭ്യമാക്കുന്നത് ഉൾപ്പെടെ ശ്രമിച്ചുവരികയാണെന്നും ചെയർമാൻ ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ പറഞ്ഞു. പ്രതിപക്ഷാംഗം വി.സി. പ്രിൻസാണ് വിഷയം ശ്രദ്ധയിൽ കൊണ്ടുവന്നത്. സംഭവം നൂറുശതമാനം ശരിയാണെന്നും ഇത് പരിഹരിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്നും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ തോമസ് പീറ്ററും പറഞ്ഞു. സ്റ്റേഡിയത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം സ്റ്റേഡിയത്തിലെ കാര്യങ്ങൾക്കുവേണ്ടി മാത്രമേ ചെലവഴിക്കാവൂ എന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലിന്റെ നിർദ്ദേശവും കൗൺസിൽ അംഗീകരിച്ചു. മേലിൽ പാലാ സബ്ജില്ല ഒഴികെയുള്ള സ്‌കൂൾ കായികമേളയ്ക്കായി സ്റ്റേഡിയം വിട്ടുകൊടുക്കുമ്പോൾ ദിവസം 1000 രൂപ ക്ലീനിംഗ് ചാർജ്ജും 500 രൂപ കറണ്ട്, വാട്ടർ ചാർജ്ജും ഈടാക്കാനും കൗൺസിൽ യോഗത്തിൽ തീരുമാനമായി. ഇതു സംബന്ധിച്ച് അഡ്വ. ബിനു പുളിക്കക്കണ്ടം, ഷാജു തുരുത്തൻ, തോമസ് പീറ്റർ എന്നിവരുടെ നിർദ്ദേശം കൗൺസിൽ അംഗീകരിക്കുകയായിരുന്നു. മത്സരങ്ങൾ നടക്കുമ്പോൾ കാന്റീൻ ഭാഗത്തേക്കുള്ള ഗേറ്റ് തുറന്നുകൊടുക്കും. സ്റ്റേഡിയത്തിലെ മരങ്ങളുടെ ശിഖരങ്ങൾ മുറിക്കാനും കൗൺസിൽ യോഗം അനുവാദം കൊടുത്തു.പ്രൊഫ. സതീഷ് ചൊള്ളാനി, ബിജി ജോജോ, മായ രാഹുൽ, ആനി ബിജോയ്, വി.സി. പ്രിൻസ്, അഡ്വ. ബിനു പുളിക്കക്കണ്ടം, സാവിയോ കാവുകാട്ട്, ബൈജു കൊല്ലംപറമ്പിൽ, ജിമ്മി ജോസഫ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.

റോഡിലേക്ക് ഇറക്കി വച്ചിരിക്കുന്ന കടകൾക്കെതിരെ നടപടി

നഗരത്തിൽ ചില വ്യാപാരശാലകൾ പ്രത്യേകം തട്ടുകൾ അടിച്ച് റോഡിലേക്ക് സാധനസാമഗ്രികൾ ഇറക്കിവച്ച് കച്ചവടം ചെയ്യുന്നത് കർശനമായി നിയന്ത്രിക്കാൻ യോഗം തീരുമാനിച്ചു. റോഡിലേക്ക് കടകൾ ഇറക്കി വച്ചിരിക്കുന്നതിനാൽ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കുമൊക്കെ ബുദ്ധിമുട്ട് ഉണ്ടാകുന്നതായി അഡ്വ. ബിനു പുളിക്കക്കണ്ടം ചൂണ്ടിക്കാട്ടി. ഫുട്പാത്ത് കൈയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കണമെന്ന് വി.സി.പ്രിൻസും ആവശ്യപ്പെട്ടു.