
കോട്ടയം: ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്തു നിന്ന് സന്ദീപ് വാര്യരെ നീക്കി. നേതൃത്വത്തിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കോട്ടയത്ത് ചേർന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിന്റെ നടപടി.
പാർട്ടി സ്വാധീനം ഉപയോഗിച്ച് വ്യാപകമായി പിരിവ് നടത്തിയെന്ന ആരോപണവുമായി പാലക്കാട്, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികൾ രംഗത്തു വന്നിരുന്നു. കോർ കമ്മിറ്റി യോഗം നടന്ന ബി.ജെ.പി കോട്ടയം ജില്ലാ ഓഫീസിൽ രാവിലെ ഉണ്ടായിരുന്ന സന്ദീപ് വാര്യർ നടപടിയുണ്ടാകുമെന്ന സൂചന ലഭിച്ചതോടെ ഭാരവാഹി യോഗത്തിൽ പങ്കെടുക്കാതെ മടങ്ങി. വക്താവെന്ന നിലയിൽ സന്ദീപ് വാര്യരുടെ പ്രവർത്തനം തൃപ്തികരമല്ലെന്നും, ആഭ്യന്തര കാര്യമായതിനാൽ കാരണങ്ങൾ പരസ്യപ്പെടുത്താനാവില്ലെന്നും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ, സഹപ്രഭാരി രാധാമോഹൻ അഗർവാൾ എം.പി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കോർ കമ്മിറ്റിയും സംസ്ഥാന ഭാരവാഹി യോഗവും . ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളും യോഗത്തിലുണ്ടായി. ബി.ജെ.പിക്ക് മുന്നേറാൻ കഴിയുന്ന അര ഡസനോളം ലോക് സഭാ മണ്ഡലങ്ങളിൽ ന്യൂനപക്ഷങ്ങളെ പാർട്ടിയോട് കൂടുതൽ അടുപ്പിക്കണമെന്ന ആവശ്യം ചർച്ചയായി. പോപ്പുലർഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചത് ക്രൈസ്തവ വിഭാഗങ്ങൾക്കിടയിലും, നിഷ്പക്ഷമായി ചിന്തിക്കുന്ന മുസ്ലീം സമുദായാംഗങ്ങൾക്കിടയിലും മതിപ്പുണ്ടാക്കിയെന്നും യോഗം വിലയിരുത്തി. മുസ്ലീം ലീഗും സി.പി.എമ്മും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഒപ്പം കൂട്ടാൻ നടത്തുന്ന ശ്രമങ്ങൾ പൊളിച്ചു കാട്ടണമെന്ന അഭിപ്രായവും ഉയർന്നു. നിഷ്പക്ഷ വോട്ടർമാരെ സ്വാധീനിക്കുമെന്നതിനാൽ തിരൂരിൽ തുഞ്ചത്തെഴുത്തച്ഛൻ പ്രതിമ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കണമെന്ന് യോഗം നിർദേശിച്ചു.വിവിധ മോർച്ച സംസ്ഥാന നേതാക്കളുടെ യോഗവും ഇന്ന് കോട്ടയത്ത് ചേരും .
.