bjp

കോട്ടയം: നരേന്ദ്രമോദി എല്ലാ വിഭാഗം ജനങ്ങളെയും ഒന്നായി കാണുമ്പോൾ കേരളത്തിലെ ഇടതുപക്ഷ സർക്കാർ ജാതിതിരിച്ച് ആനുകൂല്യങ്ങൾ നല്കുകയാണെന്ന് ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ. ലോട്ടറിയും കള്ളക്കടത്തും മദ്യവും മയക്കുമരുന്നുമായി ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന സർക്കാരിനെ കേരളത്തിലെ ജനങ്ങൾ ശിക്ഷിക്കുമെന്ന് കോട്ടയത്തു നടന്ന സംസ്ഥാന ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ നടത്തുന്ന എല്ലാ അഴിമതികൾക്കും പ്രതിപക്ഷവും കൂട്ടുനിൽക്കുകയാണ്. സി.പി.എമ്മിന് അഴിമതിയും കോൺഗ്രസിന് കുടുംബാധിപത്യവുമാണ് പ്രധാനം.

സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സഹ പ്രഭാരി ഡോ. രാധാമോഹൻ അഗർവാൾ, ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, എ.എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ്, അഡ്വ. ബി. ഗോപാലകൃഷ്ണൻ, ജോർജ് കുര്യൻ തുടങ്ങിയവർ പങ്കെടുത്തു. സദസിൽ ശോഭാ സുരേന്ദ്രനും ഉണ്ടായിരുന്നു.

 ആട് ചന്തയ്ക്കു പോയതുപോലെ

ആട് ചന്തയ്ക്കു പോയതുപോലെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന വിദേശയാത്രയെന്ന് അദ്ധ്യക്ഷ പ്രസംഗം നടത്തിയ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ഖജനാവ് കൊള്ളയടിക്കുന്നതിനപ്പുറം കേരളത്തിന് ഒരു നേട്ടവുമുണ്ടായിട്ടില്ല. മന്ത്രിമാർ കുടുംബസമേതം നടത്തിയ വിദേശ ഉല്ലാസയാത്രയുടെ മുഴുവൻ ചെലവുകളും പുറത്തു വിടണം. കേരളത്തിന്റെ പണം എന്തിന് ചെലവാക്കുന്നു, എന്ത് സംഭവനയാണ് കേരളത്തിന് ലഭിച്ചത്, ഗുണഫലം ആർക്കാണ് എന്നൊക്കെ സി.പി.എം വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

.