പൊൻകുന്നം:ചിറക്കടവ് മഹാദേവ ക്ഷേത്രത്തിൽ നെയ്യാട്ടും ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലേക്കുള്ള നെയ് സമർപ്പണവും 17ന് നടക്കും. വൈകിട്ട് 7.05 നും 7.22 നും മദ്ധ്യയാണ് ചിറക്കടവ് മഹാദേവന് നെയ്യാട്ട് നടത്തുന്നത്. ചിറക്കടവ് ക്ഷേത്രത്തിൽ നിന്ന് എത്തിച്ച നെയ്യുപയോഗിച്ച് ചെങ്ങന്നൂർ മഹാദേവനും അഭിഷേകം നടത്തും.
ചിറക്കടവിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യിൽ നിന്നും വാഴൂർ തീർത്ഥപാദാശ്രമത്തിൽ നിന്നെത്തിക്കുന്ന നെയ്യിൽ നിന്നും ഒരുവിഹിതമാണ് ചെങ്ങന്നൂർ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നത്. 17ന് 10.30ന് ചിറക്കടവ് ക്ഷേത്രം മേൽശാന്തി പെരുന്നാട്ടില്ലം വിനോദ് നമ്പൂതിരി പൂജിച്ച നെയ്യ് സബ്ഗ്രൂപ്പ് ഓഫീസർ ജയകുമാറിനും മഹാദേവ സേവാസംഘം ഭാരവാഹികൾക്കും കൈമാറും. തുടർന്ന് ഘോഷയാത്രയായി ചെങ്ങന്നൂർക്ക് പുറപ്പെടും. ചെങ്ങന്നൂർ ക്ഷേത്രത്തിൽ നേദിക്കുന്നതിനായി ഓരോ പറ അവൽ, മലർ, ശർക്കര, ഉണക്കലരി, കദളിക്കുല എന്നിവയും ദേവീദേവന്മാർക്കുള്ള ഉടയാടകൾ എന്നിവയും സമർപ്പിക്കും. തന്ത്രി കണ്ഠരര് മോഹനര് ഏറ്റുവാങ്ങും. നെയ്യഭിഷേകത്തിനുള്ള നെയ്യ് 17ന് രാവിലെ 9ന് മുൻപ് ചിറക്കടവ് ക്ഷേത്രത്തിൽ സമർപ്പിക്കണമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.