കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശനകവാടമായ പുത്തനങ്ങാടി റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായി ഇന്നലെ മുതൽ കാഞ്ഞിരപ്പള്ളി ടൗണിൽ ഗതാഗതപരിഷ്‌ക്കാരം നിലവിൽവന്നു. സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ അത്യാവശ്യമുള്ള യാത്രക്കാരെ നിശ്ചിത കേന്ദ്രങ്ങളിൽ ഇറക്കിയതിനുശേഷം കുരിശുകവലയിലെത്തി പുത്തനങ്ങാടി വഴി സ്റ്റാൻഡിൽ പ്രവേശിക്കുകയും പുറത്തേക്കുള്ള വഴിയെ ദേശീയപാതയിൽ എത്തുന്നതുമാണ് പുതിയ സംവിധാനം.
ഗ്രാമപഞ്ചായത്ത പ്രസിഡന്റ് കെ.ആർ.തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. ജനപ്രതിനിധികൾ,ഡിവൈ.എസ്.പി എൻ.ബാബുക്കുട്ടൻ,മറ്റ് പൊലീസ് ഉദ്യോഗസ്ഥർ,മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ, ബസ് ഓണേഴ്‌സ് സംഘടനാ ഭാരവാഹികൾ,ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ് സംഘടനാ ഭാരവാഹികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.