app

കോട്ടയം. അജൈവ മാലിന്യശേഖരണവും സംസ്‌കരണവും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ് ഒരുങ്ങുന്നു. മാലിന്യ സംസ്‌കരണ മേഖലയിലെ മുഴുവൻ പ്രവർത്തനങ്ങളും ഓൺലൈനായി സംസ്ഥാന തലം മുതൽ വാർഡ് തലം വരെ മോണിറ്റർ ചെയ്യുന്നതാണ് ഈ ആപ്. കെൽട്രോണാണ് സാങ്കേതിക സഹായം.

ഡാറ്റാബേസ്, സേവനദാതാക്കൾക്കും ടെക്‌നീഷ്യന്മാർക്കുമുള്ള കസ്റ്റമർ ആപ്, മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളുന്ന വെബ്‌പോർട്ടൽ എന്നിവ ചേർന്നതാണ് പുതിയ സംവിധാനം. ആദ്യ ഘട്ടത്തിൽ ജില്ലയിൽ 21 തദ്ദേശഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി. ആപ്ലിക്കേഷന്റെ ഉപയോഗം സംബന്ധിച്ച് ജനപ്രതിനിധികൾക്കും ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള പരിശീലനം പൂർത്തിയായി. മലിനീകരണ പ്രശ്‌നങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താനും ലൊക്കേഷൻ മാപ്പ്, മാലിന്യവും പാഴ് വസ്തുക്കളും നീക്കം ചെയ്യുന്നതിനുപയോഗിക്കുന്ന വാഹനങ്ങളുടെ സഞ്ചാരദിശ എന്നിവ ജി.പി.എസ് സംവിധാനം വഴി ട്രാക്ക് ചെയ്യാനും സാധിക്കും. മാലിന്യ സംസ്‌കരണം തൽസമയം നിരീക്ഷിക്കുന്നതിനുള്ള ഡാഷ്‌ബോർഡ് ഉൾപ്പടെയുള്ള സമഗ്രമായ വെബ് പോർട്ടൽ മാനേജ്‌മെന്റ് സംവിധാനത്തിലുണ്ടാകും. ക്യു ആർ കോഡ് വഴി വീടുകളും സ്ഥാപനങ്ങളും ഹരിത മിത്രം ആപ്പിന്റെ ഭാഗമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

സവിശേഷതകൾ.

ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, കില എന്നിവയുടെ സഹകരണം.

വീടുകളിലേയും പൊതുസ്ഥലങ്ങളിലേയും മാലിന്യ സംസ്‌കരണം വേഗത്തിൽ.

യൂസർഫീ നൽകാത്ത വീടുകളെയും സ്ഥാപനങ്ങളെയും കണ്ടെത്താം.

സേവനം ആവശ്യപ്പെടുന്നതിനും ഫീസുകൾ അടയ്ക്കുന്നതിനും സംവിധാനം.

ആദ്യം 21 പഞ്ചായത്തുകളിൽ.

തൃക്കൊടിത്താനം, വാകത്താനം, പായിപ്പാട്, മാടപ്പള്ളി, പനച്ചിക്കാട്, പുതുപ്പള്ളി, അയ്മനം, അതിരമ്പുഴ, ആർപ്പൂക്കര,വാഴൂർ, നെടുങ്കുന്നം, കിടങ്ങൂർ, പള്ളിക്കത്തോട്, അകലക്കുന്നം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കടുത്തുരുത്തി, വെളിയന്നൂർ, ചങ്ങനാശ്ശേരി നഗരസഭ, ഏറ്റുമാനൂർ നഗരസഭ, ഈരാറ്റുപേട്ട നഗരസഭ.