
കോട്ടയം. രാസ കീടനാശിനികളടക്കം മലിനീകരണം രൂക്ഷമായതോടെ വേമ്പനാട്ടുകായലിലെ മത്സ്യ സമ്പത്തിൽ വൻകുറവ് . മുൻകാലങ്ങളിൽ സമൃദ്ധമായി ലഭിച്ചിരുന്ന പല ഇനം മത്സ്യങ്ങൾ ഇപ്പോൾ പേരിനുപോലും ഇല്ലാതായി. ആറ്റു കൊഞ്ച്, കണമ്പ്, മഞ്ഞക്കൂരി, പൂളോൻ, നങ്ക് , അറഞ്ഞിൽ , പ്രാഞ്ഞിൽ, മുരശ് , കരിമീൻ, തിലോപ്പിയ, ഞണ്ട് തുടങ്ങിയവ വളരെ കുറഞ്ഞു. നേരത്തേ ഒരു വർഷം 23000 ടൺ മത്സ്യം ലഭിച്ചിരുന്നത് 4400 ടണ്ണിൽ താഴെയായി. ആറ്റ് കൊഞ്ച് വംശനാശത്തിന്റെ വക്കിലാണ്.
രണ്ട് പ്രളയം കഴിഞ്ഞതോടെ ആറുകളിൽ നിന്നും തോടുകളിൽ നിന്നും വന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ കൂമ്പാരമായി കായൽ മാറി. കടലിലേക്കും ഇവ ഒഴുകുന്നില്ല. പ്ലാസ്റ്റിക് മാലിന്യം മത്സ്യത്തിന്റെ ഉള്ളിൽ ചെല്ലുന്നത് ദോഷകരമായി ബാധിക്കുന്നു. കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ രാസവളത്തിന്റെയും കീടനാശിനിയുടെയും അളവ് കൂടിയതും ഇവ കായലിലേക്ക് ഒഴുകിയെത്തുന്നതുമാണ് മത്സ്യങ്ങളുടെ നാശത്തിനു കാരണം.
കായൽ ജലമലിനീകരണം മത്സ്യതൊഴിലാളികളുടെ ആരോഗ്യത്തെയും വലിയ തോതിൽ ബാധിക്കുന്നുണ്ട്. മത്സ്യ ബന്ധനത്തിൽ ഏർപ്പെടുന്നവരിൽ കാൻസർ ബാധിതരുടെ എണ്ണം
കൂടുതലാണ്. കായൽ ജലം ചർമരോഗങ്ങൾക്കും കാരണമാകുന്നുവെന്ന് മത്സ്യതൊഴിലാളികൾ പരാതിപ്പെടുന്നു. കടലിൽ മത്സ്യക്ഷാമം നേരിടുമ്പോൾ ഉൾനാടൻ മത്സ്യമേഖലയെയാണ് തൊഴിലാളികൾ ആശ്രയിക്കുന്നത്. കടലിലെ ട്രോളിംഗ് കാലത്ത് കായൽ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞത് ഉൾനാടൻ മത്സ്യ തൊഴിലാളികളുടെ വരുമാനത്തെയും ബാധിച്ചു.
ആറ്റ് കൊഞ്ച് ലഭ്യത.
മുൻപ് : 400 ടൺ
ഇപ്പോൾ: 20 ടൺ .
പ്രതിസന്ധികൾ.
കായലിലെ മത്സ്യ സമ്പത്തിൽ വൻ കുറവുണ്ടായി.
അദ്ധ്വാനത്തിന് അനുസരിച്ച് പ്രതിഫലം കിട്ടുന്നില്ല.
മലിനീകരണത്തെ തുടർന്ന് രോഗങ്ങൾ പടരുന്നു.
കായലിനെ ആശ്രയിച്ചുള്ള ജീവിതം അസാദ്ധ്യമായി.
പ്രമുഖ പരിസ്ഥിതി ഗവേഷകൻ കെ.ജി പത്മകുമാർ പറയുന്നു.
വേമ്പനാട്ടുകായലിൽ രൂക്ഷമായ മലിനീകരണം കാരണം മത്സ്യങ്ങളുടെ പ്രജനനം കുറഞ്ഞു. കൃത്രിമ പാരുകൾ നിർമിച്ചും മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചും മത്സ്യങ്ങളുടെ കൂട്ടത്തോടെയുള്ള സഞ്ചാരത്തിന് ആക്കം കൂട്ടുന്നതരത്തിൽ ഫിഷ് പാസുകൾ നിർമിക്കണം. തണ്ണീർമുക്കം ബണ്ട് അടച്ചിട്ട് മത്സസമ്പത്തിന്റെ വളർച്ചക്ക് ദോഷകരമാകുന്ന അവസ്ഥയ്ക്കു മാറ്റം വരുത്തണം .