killer

കോട്ടയം : സാക്ഷരരെന്ന് അഭിമാനിക്കുമ്പോഴും കേരളത്തിൽ ദുർമന്ത്രവാദ കൊലപാതകങ്ങൾ തുടരുകയാണ്. നാലരപതിറ്റാണ്ടിനിടെ നടന്ന കണ്ണില്ലാത്ത ക്രൂരതകളിലേക്ക്.

1981 ഡിസംബർ

ഇടുക്കി പനംകുട്ടിയിൽ ഭർത്താവും ബന്ധുക്കളും ചേർന്ന് സോഫിയ എന്ന വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടി. തമിഴ്നാട്ടിലെ മന്ത്രവാദിയുടെ നിർദ്ദേശപ്രകാരമായിരുന്നു കൊലപാതകം. അടുക്കളയിൽ മൃതദേഹം കുഴിച്ചിട്ട് ചാണകം മെഴുകി. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ.

1981 ജൂലായ്

മുണ്ടിയെരുമയിൽ നിധിക്കായി ഒമ്പതാംക്ലാസുകാരനെ പിതാവും സഹോദരിയും ചേർന്ന് കൊലപ്പെടുത്തി. കണ്ണുകളും മൂക്കും കുത്തിക്കീറി മൃഗീയമായിട്ടായിരുന്നു കൊല. ആറുപേർക്കു ജീവപര്യന്തം വിധിച്ചു.

2012 ഒക്ടോബർ

മന്ത്രവാദം ചോദ്യം ചെയ്തതിനെ തുടർന്ന് പൂവാറിൽ ക്രിസ്തുദാസ്, ആന്റണി എന്നിവരെ കുത്തിക്കൊലപ്പെടുത്തി. ക്രിസ്തുദാസിന്റെ ബന്ധുവായ സ്ത്രീ ജീവനൊടുക്കിയത് ദുർമന്ത്രവാദത്തെ തുടർന്നാണെന്ന് അറിഞ്ഞ് ചോദ്യം ചെയ്യാനെത്തിയതായിരുന്നു ഇരുവരും. ആറു പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ .

2014 ജൂലായ്

കരുനാഗപ്പള്ളി തഴവ സ്വദേശി ഹസീന കൊല്ലപ്പെട്ടത് മന്ത്രവാദിയുടെ ചവിട്ടേറ്റ്. മന്ത്രവാദി സിറാജുദ്ദീൻ അറസ്റ്റിലായി.

2014 ആഗസ്റ്റ്

പൊന്നാനിയിൽ കാഞ്ഞിരമുക്ക് നിസാറിന്റെ അഞ്ചുമാസം ഗർഭിണിയായിരുന്ന ഭാര്യ ഹർസാന മരിച്ചത് മന്ത്രവാദത്തിനിടെ. കേസ് വിചാരണയിൽ.

2018 ആഗസ്റ്റ്

ഇടുക്കി വണ്ണപ്പുറത്ത് ദുർമന്ത്രവാദിയായ കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, രണ്ടു മക്കൾ എന്നിവരെ സഹായി അനീഷ് കൊന്ന് കുഴിച്ച് മൂടി. കൃഷ്ണന് 300 മൂർത്തികളുടെ ശക്തിയുണ്ടെന്ന് വിശ്വസിച്ച അനീഷ് അത് അപഹരിക്കാൻ കൊല നടത്തുകയായിരുന്നു. പ്രതി ജാമ്യത്തിൽ.

2019 മാർച്ച്

മന്ത്രവാദിയുടെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളിയിൽ തുഷാര എന്ന യുവതിയെ ഭർത്താവും ഭർതൃമാതാവും ചേർന്ന് കൊലപ്പെടുത്തി. ബാധ ഒഴിപ്പിക്കാമെന്ന മന്ത്രവാദിയുടെ വാക്ക് കേട്ട് പഞ്ചസാര വെള്ളവും,കുതിർത്ത അരിയും മാത്രമാണ് തുഷാരയ്ക്ക് നൽകിയിരുന്നത്. മരിക്കുമ്പോൾ 20 കിലോ ആയിരുന്നു ഭാരം. കേസ് വിചാരണയിൽ.

2021 ഫെബ്രുവരി

പാലക്കാട് പുതുപ്പള്ളി തെരുവിൽ ആറുവയസുകാരനെ മാതാവ് കഴുത്തറത്ത് കൊലപ്പെടുത്തി. അല്ലാഹുവിന്റെ പ്രീതിക്കായി ബലി കഴിച്ചു എന്നാണ് അമ്മ ഷാഹിദ വെളിപ്പെടുത്തിയത്. കേസ് വിചാരണയിൽ.