കോട്ടയം: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെയും ഹോട്ടികൾച്ചർ മിഷൻ പദ്ധതിയുടെയും ഭാഗമായി കൂരോപ്പട പഞ്ചായത്തിലെ ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെയും പൂക്കൃഷിയുടെയും വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാൻ നിർവഹിച്ചു. സ്‌കൂളിലെ 50 സെന്റ് സ്ഥലത്ത് വിദ്യാർത്ഥികൾ നട്ടുവളർത്തിയ വഴുതന, വെണ്ട, പച്ചമുളക്, ചീര, തക്കാളി എന്നീ പച്ചക്കറികളുടെ വിളവെടുപ്പാണ് നടന്നത്. പുഷ്പകൃഷിയിൽ ആഫ്രിക്കൻ മാരി ഗോൾഡ് ഇനത്തിൽ പെടുന്ന മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ജമന്തിയും ബന്ദിയുമാണ് കൃഷി ചെയ്തത്.