ഏഴാച്ചേരി: തിരുവാതിരകളി ഒരു വഴിപാടായി സമർപ്പിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമായ ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ ഇത്തവണത്തെ തിരുവാതിരകളി വഴിപാടിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഉമാമഹേശ്വരൻമാർക്ക് മുന്നിൽ വനിതകളായ ഭക്തർ തങ്ങളുടെ ആഗ്രഹപൂർത്തിക്കായിട്ടാണ് തിരുവാതിര കളിക്കുന്നത്. പാരമ്പര്യരീതിയിൽ തിരുവാതിരകളി അഭ്യസിച്ചിട്ടുള്ള ആർക്കും ജാതിമതഭേദമന്യെ കാവിൻപുറം ക്ഷേത്രത്തിലെ തിരുവാതിരകളി വഴിപാടിൽ പങ്കെടുക്കാം. കുറഞ്ഞത് 8 പേരെങ്കിലും ഒരു ടീമിൽ ഉണ്ടാകണം. വഴിപാടായാണ് തിരുവാതിരകളി സമർപ്പിക്കുന്നതെങ്കിലും മികച്ച രീതിയിൽ തിരുവാതിര കളിക്കുന്ന ആദ്യത്തെ മൂന്ന് ടീമുകൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകുമെന്ന് കാവിൻപുറം ദേവസ്വം അധികൃതർ അറിയിച്ചു. ഡിസംബർ 27ന് വൈകിട്ട് 5.30ന് മന്ത്രി റോഷി അഗസ്റ്റിൻ തിരുവാതിരകളി വഴിപാടിന് തിരിതെലിക്കും. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അദ്ധ്യക്ഷത വഹിക്കും. തിരുവാതിരകളി വഴിപാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9447309361 ഫോൺ നമ്പരിൽ ബന്ധപ്പെടണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 ടീമുകൾക്കാണ് തിരുവാതിരകളി വഴിപാടിൽ പങ്കെടുക്കാനുള്ള അവസരം.