പാലാ: പാലാ-രാമപുരം റൂട്ടിൽ ചക്കാമ്പുഴ നിരപ്പിൽ വഴിയരികിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി പിഴയടപ്പിച്ചു. പത്തനംതിട്ട നഗരസഭയിൽ നിന്ന് മാലിന്യം നീക്കാൻ കരാറെടുത്തവരാണ് കുറ്റക്കാർ. റിയാസ് എന്നയാളാണ് കരാറെടുത്തത്. ഇയാൾ ടോറസ് ഡ്രൈവറായ സുമേഷിനെ മാലിന്യം നീക്കാൻ ഏല്പിച്ചു. കെ.എൽ 40 എം 4306 നമ്പർ ലോറിയിലാണ് മാലിന്യം കൊണ്ടുവന്നതെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

പൊതുവഴിയിൽ മാലിന്യം തള്ളിയതിന് ഡ്രൈവർ സുമേഷിനെതിരെ കേസെടുത്ത രാമപുരം പൊലീസ് 10,000 രൂപാ പിഴ ഈടാക്കുമെന്നും അറിയിച്ചു.

പത്തനംതിട്ട നഗരസഭയിൽ നിന്നും കരാറെടുത്ത റിയാസിൽ നിന്നും 25,000 രൂപാ പിഴ ഈടാക്കിയതായി രാമപുരം പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോസഫ് പറഞ്ഞു. പൊതുപ്രവർത്തകനായ ഓസ്റ്റിൻ ജോസഫ് കുരിശുംമൂട്ടിൽ നൽകിയ പരാതിയിൽ രാമപുരം പൊലീസ് അന്വേഷണം നടത്തവെ , സമാന്തര അന്വേഷണം നടത്തിയ രാമപുരം പഞ്ചായത്ത് അധികാരികളുടെ നീക്കമാണ് പ്രതികൾ കുടുങ്ങാൻ കാരണം. പൊലീസ് അവശ്യപ്പെട്ടതനുസരിച്ച് കരാറുകാരൻ മറ്റൊരു ലോറിയും ജെ.സി.ബിയും സ്ഥലത്തെത്തിച്ച് ഇന്നലെ വൈകുന്നേരത്തോടെ മാലിന്യം റോഡുവക്കിൽ നിന്ന് നീക്കി.

രാമപുരം എസ്.ഐ. കെ.ബി. ജയൻ, പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോസഫ്, അസി. സെക്രട്ടറി സിന്ധു എബി ജോസ്, പഞ്ചായത്ത് മെമ്പർ ആൽബിൻ ഇടമനശ്ശേരിൽ, പൊതുപ്രവർത്തകനായ ഓസ്റ്റിൻ കുരിശുംമൂട്ടിൽ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് റോഡുവക്കിൽ നിന്ന് മാലിന്യം മുഴുവൻ നീക്കിയത്.

രസീത് പിടിവള്ളിയായി

നിരപ്പിൽ വൻതോതിൽ മാലിന്യം തള്ളിയത് സംബന്ധിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, സെക്രട്ടറി മാർട്ടിൻ ജോസഫ് എന്നിവർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾക്കിയിൽ നിന്ന് പത്തനംതിട്ട നഗരസഭയിലേതുൾപ്പെടെയുളള ചില രസീതുകൾ കിട്ടി. രസീതിലെ ഫോൺ നമ്പറിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട് പത്തനംതിട്ട നഗരസഭാ അധികാരികളെ വിളിച്ചപ്പോഴാണ് മാലിന്യം നീക്കാൻ കരാർ കൊടുത്തിരുന്നതായും കരാറുകാരനായ റിയാസ് കഴിഞ്ഞ ദിവസം മാലിന്യം നീക്കിയതായും വ്യക്തമായത്. ഈ വിവരങ്ങൾ പഞ്ചായത്ത് അധികൃതർ രാമപുരം പൊലീസിനെ അറിയിച്ചു. തുടർന്ന് എസ്.ഐ. സാബു, കെ.ബി. ജയൻ എന്നിവുടെ നേതൃത്വത്തിൽ ലോറിയും ഡ്രൈവറേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊതുപ്രവർത്തകനായ ഓസ്റ്റിൻ ജോസഫ് കുരിശുംമൂട്ടിൽ 'കേരളകൗമുദി ' വാർത്തയുടെ കോപ്പി സഹിതം പൊലീസിൽ പരാതി നൽകിയതും അന്വേഷണത്തിന് തുണയായി.