
കോട്ടയം. കോട്ടയം നഗരസഭയുടെ കീഴിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ. നാഗമ്പടം പോപ്പ് മൈതാനത്ത് തുമ്പൂർമുഴി മോഡലിൽ സ്ഥാപിച്ച എയ്‌റോബിക് ബിന്നും, കഞ്ഞിക്കുഴി, കോടിമത, മാർക്കറ്റ് എന്നിവിടങ്ങളിലെ പ്ലാന്റുകളും ഉപയോഗിക്കാതെ നാശത്തിന്റെ വക്കിലാണ്.
കോട്ടയം നഗരസഭ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനു വേണ്ടിയാണ് നാഗമ്പടത്ത് 2019 ൽ എയ്‌റോബിക് ബിൻ സ്ഥാപിച്ചത്. ഡോ.പി.ആർ സോന അദ്ധ്യക്ഷ ആയിരുന്നപ്പോഴായിരുന്നു ഇത്. എന്നാൽ, ഇത് ഉപയോഗിക്കാത്തതിനാൽ കെട്ടിടമടക്കം കാട് പടർന്ന നിലയിലാണ്. വാതിൽ തകർന്ന് തുറന്ന് കിടക്കുന്നു. പ്ലാന്റിൽ ജൈവമാലിന്യങ്ങൾ മാത്രമേ സംസ്‌കരിക്കുന്നുള്ളൂ. എന്നാൽ, പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം പ്ലാന്റിൽ കുത്തിനിറച്ച നിലയിലാണ്. മാലിന്യങ്ങൾ പകുതിയും പ്ലാന്റ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ തറയിൽ വീണുകിടക്കുന്നു. പ്ലാന്റിന് മുകളിലേക്ക് തണൽവൃക്ഷത്തിന്റെ കൊമ്പുകൾ വളർന്ന് അപകടഭീഷണിയും ഉയർത്തുന്നുണ്ട്.
ഇതിനോട് ചേർന്നുള്ള ഖരമാലിന്യ സംസ്‌കരണ പ്ലാന്റും കാടുമൂടിയ നിലയിലാണ്. 2015ൽ അന്നത്തെ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. പിന്നീട്, പ്രവർത്തനം മുടങ്ങുകയും കാടുമൂടുകയുമായിരുന്നു. സംസ്‌കരണ പ്ലാന്റുകൾ ഉണ്ടായിട്ടാണ് മാലിന്യങ്ങൾ പലയിടത്തും കുന്നുകൂടുന്നത്.