പൊൻകുന്നം: അനർഹമായി മുൻഗണനാ റേഷൻകാർഡ് കൈവശം വെച്ചവരിൽ നിന്ന് സിവിൽ സപ്ലൈസ് വകുപ്പ് പിഴ ഈടാക്കി. ഓപ്പറേഷൻ യെല്ലോയുടെ ഭാഗമായി ജില്ലാ സപ്ലൈ ഓഫീസർ വി.ജയപ്രകാശിന്റെ നേതൃത്വത്തിൽ ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ നാല് അനർഹരെ കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റി. 4919 രൂപ പിഴ ഈടാക്കി. തുടർന്നുള്ള ദിവസങ്ങളിൽ എല്ലാ പഞ്ചായത്തുകളിലും വീടുതോറും പരിശോധന നടത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ടി.ജി.സത്യപാൽ അറിയിച്ചു. റേഷനിംഗ് ഇൻസ്‌പെക്ടർമാരായ പി.വി.സജീവ്കുമാർ, ടി.സയർ, ടി.ബി.രശ്മി എന്നിവരും സംഘത്തിലുണ്ടായിരുന്നു.