കോട്ടയം: മുടിയൂർക്കരയിൽ പ്രവർത്തിക്കുന്ന ബേക്കറി ആൻഡ് റെസ്‌റ്റോറന്റിൽ നിന്നും മലിനജലം റോഡിലേയ്ക്ക് ഒഴുക്കുന്നതായി പരാതി. മുമ്പ് റെസ്റ്റോറന്റിൽ നിന്നും മലിനജലം ഒഴുക്കിവിടുന്നതിനായി ഹോസ് ലൈൻ പൈപ്പ് റോഡരികിലെ ട്രാൻസ്‌ഫോമറിന് സമീപം സ്ഥാപിച്ചിരുന്നു. കാടും പുല്ലും വളർന്നു നിൽക്കുന്നതിനാൽ, റോഡിലേക്ക് പരന്നൊഴുകുന്ന മലിനജലത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിക്കില്ല. രാത്രി കാലങ്ങളിൽ കച്ചവടത്തിന് ശേഷം മലിനജലം പുറത്തേയ്ക്ക് വിടുന്നതാണ് രീതി. മലിനജലം റോഡിൽ കെട്ടിക്കിടക്കുന്ന അവസ്ഥയുമുണ്ട്. മലിനജലം സമീപത്തെ മുടിയൂർക്കര പള്ളിയുടെ കുരിശിൻതൊട്ടിയ്ക്ക് സമീപത്തെ കലുങ്കിലേക്കാണ് പതിക്കുന്നത്. അതിരമ്പുഴ റോഡ്, മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടം റോഡ് എന്നിവിടങ്ങളിലേക്കും മലിനജലം ഒഴുകിയെത്തുന്നു. ഇത് കാൽനടയാത്രക്കാർക്ക് ഉൾപ്പെടെ ദുരിതമായി മാറുകയാണ്.